market

കൊല്ലം: നാലാം ഘട്ടം ലോക്ക് ഡൗണിന്റെ കൂടുതൽ ഇളവുകൾ പ്രാബല്യത്തിലായതോടെ നിരത്തുകൾ സാധാരണ നിലയിലേക്കെത്തി. ആട്ടോറിക്ഷകൾ സർവീസ് പുനരാരംഭിച്ചതിനൊപ്പം സ്വർണക്കടകൾ, വൻകിട വസ്ത്രശാലകൾ, ബാർബർ ഷോപ്പുകൾ, ബ്യൂട്ടി പാർലറുകൾ തുടങ്ങിയവയെല്ലാം പ്രവർത്തനം തുടങ്ങി. പൊതു ഗതാഗതം പൂർണ തോതിൽ ഇല്ലാത്തതും കൊവിഡ് ഭീതി ഒഴിയാത്തതിനാലും മിക്കവരും സ്വന്തം വാഹനങ്ങളിലാണ് പുറത്തിറങ്ങുന്നത്. നിരത്തിൽ വാഹനങ്ങളുടെ എണ്ണം കൂടിയതിനൊപ്പം കൊല്ലം നഗരത്തിൽ ഉൾപ്പെടെ പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ എണ്ണവും ഏറി. ചെറിയ ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ പോലും കാറിലാണ് യാത്ര. ഇതുമൂലം സർവീസ് ആരംഭിച്ച ആട്ടോറിക്ഷകൾക്കും പഴയതുപോലെ ഓട്ടവും വരുമാനവും ലഭിക്കുന്നില്ല. അവശ്യ സാധനങ്ങൾ വിൽക്കുന്ന സൂപ്പർ മാർക്കറ്റുകളിൽ തിരക്കുണ്ടെങ്കിലും മറ്റു വ്യാപാര കേന്ദ്രങ്ങളിൽ സ്ഥിതി വ്യത്യസ്‌തമാണ്.

നഷ്‌ടം താങ്ങാനാകാതെ വ്യാപാര കേന്ദ്രങ്ങൾ

വൻകിട വ്യാപാര കേന്ദ്രങ്ങൾ ഉൾപ്പെടെ തുറന്നെങ്കിലും പൊതു സാമ്പത്തിക മാന്ദ്യം വിപണിയിലും ദൃശ്യമാണ്. ജോലിയും വരുമാനവും ഇല്ലാതെ സാധാരണക്കാർ വീട്ടിലിരിക്കാൻ തുടങ്ങിയിട്ട് രണ്ട് മാസത്തോളമാകുന്നു. സ്വകാര്യ മേഖലയിൽ കൃത്യമായി ശമ്പളം നൽകാനാത്ത സാമ്പത്തിക പ്രതിസന്ധിയുണ്ട്. ഇതിന്റെയെല്ലാം ഫലമായാണ് വ്യാപാര കേന്ദ്രങ്ങളിൽ വിൽപ്പന കുത്തനെ ഇടിഞ്ഞതെന്നാണ് വിലയിരുത്തൽ. അടുത്ത അദ്ധ്യയന വർഷം ലക്ഷ്യമിട്ട് കുട, ബാഗ്, നോട്ട് ബുക്കുകൾ എന്നിവ വൻ തോതിൽ കടകളിൽ എത്തിയിട്ടില്ല. സ്‌കൂൾ മാർക്കറ്റുകൾ നേരത്തെ പ്രവർത്തനം തുടങ്ങിയെങ്കിലും പ്രതീക്ഷിച്ചതിന്റെ പത്തിലൊന്ന് പോലും വിപണനം നടക്കുന്നില്ല.

തകരുന്നത് തൊഴിലാളി ജീവിതങ്ങൾ

മുന്നൂറോളം ജീവനക്കാർ ജോലി ചെയ്തിരുന്ന വലിയ വസ്ത്രശാലകൾ ജില്ലയിലുണ്ട്. ലോക്ക് ഡൗൺ ഇളവുകളിൽ കഴിഞ്ഞ ദിവസം കടകൾ തുറന്നെങ്കിലും കടകളുടെ സമീപ പ്രദേശങ്ങളിലുള്ളവർക്ക് മാത്രമാണ് ജോലിക്കെത്താനായത്. മൂന്നൂറോളം പേർ ജോലി ചെയ്‌തിരുന്നിടത്ത് 20 മുതൽ 30 വരെ ജീവനക്കാർ മാത്രമാണുള്ളത്. ഹോസ്റ്റലുകളൊന്നും തുറക്കാത്തതിനാൽ മറ്റു ജില്ലകളിൽ നിന്നുള്ളവർക്ക് എത്താനായിട്ടില്ല. കൊവിഡ് മാനദണ്ഡങ്ങൾ ഉള്ളതിനാൽ എല്ലാവർക്കും എല്ലാദിവസും ജോലി നൽകാനുമാകില്ല. ഇതോടെ സാധാരണ തൊഴിലാളികളുടെ ജീവിതമാണ് പ്രതിസന്ധിയിലാകുന്നത്.

സ്വർണ വിപണിയും തിരക്കിലേക്ക്

സ്വർണ വില സർവകാല റെക്കോർഡിലേക്കെത്തിയതോടെ സ്വർണം വിറ്റ് പണമാക്കാൻ ആഗ്രഹിക്കുന്നവരുടെ എണ്ണമേറി. ലോക്ക് ഡൗണിൽ കടകൾ അടയുമ്പോൾ ഉണ്ടായിരുന്ന വിലയേക്കാൾ വലിയ വ്യത്യാസമാണിപ്പോൾ. വിവാഹം, നൂല് കെട്ട് തുടങ്ങിയ ഒഴിവാക്കാനാത്ത ചടങ്ങുകൾക്ക് സ്വർണം ആവശ്യമുള്ളവർ വാങ്ങുന്നുണ്ട്. എങ്കിലും മുൻപത്തെക്കാൾ വാങ്ങുന്ന അളവിൽ കുറവുണ്ട്.

''

കടകൾ തുറന്നെങ്കിലും പഴയത് പോലെ വിൽപ്പന നടക്കുന്നില്ല. തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാനുള്ള കച്ചവടം പോലും നടക്കുന്നില്ല. പ്രതിസന്ധി കാലം മാറുമെന്നാണ് പ്രതീക്ഷ.

രവി, ബേക്കറി ഉടമ