kalotsavam

 ശാസ്‌താംകോട്ട ഡി.ബി കോളേജിൽ

കൊല്ലം: കൊവിഡ് കാലത്ത് കലോത്സവവും ഓൺലൈനിൽ സംഘടിപ്പിച്ചു. ശാസ്താംകോട്ട കെ.എസ്.എം ഡി.ബി. കോളേജിലെ നാഷണൽ സർവീസ് സ്‌കീം യൂണിറ്റുകളാണ് ഓൺലൈനിൽ കലോത്സവം നടത്തി ശ്രദ്ധേയമായത്. 150 ലേറെ വിദ്യാർത്ഥികളെ ഓൺലൈനിൽ ഒരേ സമയം എത്തിച്ചായിരുന്നു കലോത്സവം. കഴിഞ്ഞ ദിവസം രാത്രി ഏഴിന് പ്രിൻസിപ്പൽ കെ.എസ്.അനിൽകുമാർ കലോത്സവം ഉദ്ഘാടനം ചെയ്തു. 7. 20ന് ഉദ്ഘാടന സമ്മേളനം അവസാനിപ്പിച്ച് മത്സര ഇനങ്ങളിലേക്ക് കടന്നു. വിദ്യാർത്ഥികൾ വീടുകളിൽ തയ്യാറാക്കി അയച്ചു നൽകിയ കലാപരിപാടികളുടെ വീഡിയോ ഫയലുകൾ പോഗ്രാം ഓഫീസർ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്‌തു. ഒരു പരിപാടി കഴിഞ്ഞ് അടുത്തതിലേക്ക് പോയി. പ്രസംഗം, ലളിതഗാനം, മാപ്പിളപ്പാട്ട്, ഗസൽ, കവിത, ഉപകരണസംഗീതം, മോണോ ആക്ട്, നൃത്ത ഇനങ്ങളാണ് അരങ്ങേറിയത്. രാത്രി പത്തിന് കലോത്സവം അവസാനിപ്പിച്ച് കുട്ടികൾ പിരിഞ്ഞു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ എ.വി.ആത്മൻ, ഡോ. ജി.ആർ.രമ്യ, വോളണ്ടിയർമാരായ എസ്. പ്രജ വിജയൻ, എ.എസ്.കീർത്തന അയ്യർ എന്നിവർ കലോത്സവ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

ലോക്ക് ഡൗൺ കാലത്ത് പോസ്റ്റർ നിർമ്മാണം, ശുചീകരണം, പാചകം, ഫോട്ടോഗ്രാഫി, കലാപരിപാടികൾ, കരകൗശല വസ്തു നിർമ്മാണം, മാസ്‌ക് നിർമ്മിച്ച് വിതരണം, പേപ്പർ ബാഗ് നിർമ്മാണം, പരിസ്ഥിതി ദിനത്തിനുള്ള വൃക്ഷത്തൈയ്ക്കായി വിത്ത് പാകൽ, അടുക്കളത്തോട്ടം എന്നിങ്ങനെ വിവിധ പദ്ധതികൾ എൻ.എസ്.എസ് വിദ്യാർത്ഥികൾ പൂർത്തീകരിച്ചു. ഇ- മാഗസിന്റെ നിർമ്മാണവും തുടങ്ങിക്കഴിഞ്ഞു.