bus
പുനലൂർ കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയിൽ നിന്നും സർവീസ് പുനരാരംഭിച്ചപ്പോൾ

പുനലൂർ: ലോക്ക്ഡൗണിനെ തുടർന്ന് പുനലൂരിൽ നിന്ന് തെന്മല, ആര്യങ്കാവ് റൂട്ടിൽ നിറുത്തിവച്ചിരുന്ന കെ.എസ്.ആർ.ടി.സി ബസ് സർവീസ് ഇന്നലെ രാവിലെ പുനരാരംഭിച്ചെങ്കിലും ഉച്ചയോടെ നിറുത്തിവച്ചു. ജില്ലാ കളക്ടറുടെ നിർദ്ദേശത്തെ തുടർന്നാണ് സർവീസ് താത്കാലികമായി നിറുത്തിയതെന്ന് ഡിപ്പോ അധികൃതർ അറിയിച്ചു. എന്നാൽ പുനലൂർ ഡിപ്പോയിൽ നിന്ന് തെന്മല വരെ ബസ് സർവീസ് മുടക്കമില്ലാതെ നടത്തും.

തമിഴ്നാട്ടിൽ കോവിഡ് വ്യാപകമായതോടെയാണ് ആര്യങ്കാവ് വരെയുളള സർവീസുകൾ നിറുത്തിവച്ചത്. തമിഴ്നാട് സ്വദേശികൾ അതിർത്തി ചെക്ക്പോസ്റ്റിൽ അധികൃതരെ വെട്ടിച്ച് ബസിൽ കയറാനുളള സാഹചര്യം കണത്തിലെടുത്താണ് നടപടി. പുനലൂർ ഡിപ്പോയിൽ നിന്ന് ഇന്നലെ 7 സർവീസുകളാണ് നടത്തിയത്. എന്നാൽ വരുമാനം നാലിലൊന്നായി കുറഞ്ഞു. സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങൾ പാലിച്ച് മൂന്നുപേർക്ക് ഇരിക്കാവുന്ന സീറ്റുകളിൽ രണ്ടുപേരും, രണ്ടുപേർ ഇരിക്കുന്ന സീറ്റുകളിൽ ഒരാളെയും ഇരുത്തിയായിരുന്നു സർവീസ്. ഇതാണ് വരുമാനം ഗണ്യമായി കുറയാൻ മുഖ്യകാരണമെന്ന് ഡിപ്പോയിലെ ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ന് മുതൽ പുനലൂർ ഡിപ്പോയിൽ നിന്ന് 21 ബസുകൾ വിവിധ റൂട്ടുകളിലേക്ക് സർവ്വീസ് നടത്തുമെന്നും അറിയിച്ചു.