കൊല്ലം: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ആത്മ നിർഭൻ ഭാരത് അഭിയാനിൽ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്കായി പ്രഖ്യാപിച്ച രണ്ട് ലക്ഷത്തി എഴുപതിനായിരം കോടി രൂപയുടെ വായ്പാ പദ്ധതിയിൽ കശുഅണ്ടി വ്യവസായ പുനരുദ്ധാരണത്തിന് പ്രത്യേക പരിഗണന നൽകണമെന്നാവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പി കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ, സഹമന്ത്രി അനുരാഗ് സിംഗ് താക്കൂർ, വാണിജ്യകാര്യ മന്ത്രി പീയൂഷ് ഗോയൽ എന്നിവർക്ക് നിവേദനം നൽകി.
ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ പ്രദാനം ചെയ്യാൻ കഴിയുന്ന പരമ്പരാഗത വ്യവസായ മേഖല ഗുരുതര പ്രതിസന്ധിയാണ് നേരിടുന്നത്. എം.എസ്.എം.ഇ വായ്പാ പദ്ധതിയിൽ പീഡിത കടങ്ങളുള്ള സംരംഭങ്ങൾക്ക് ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ച 20,000 കോടി രൂപയുടെ വായ്പാ പദ്ധതി 2014 ജനുവരി 1 മുതൽ എൻ.പി.എ ആയിട്ടുള്ള മുഴുവൻ കമ്പനികൾക്കും ബാധകമാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. 25 കോടി രൂപയുടെ ബാദ്ധ്യതാ പരിധി കണക്കാക്കുന്നത് വായ്പയെടുത്ത അസൽ മുതലിന്റെ അടിസ്ഥാനത്തിലായിരിക്കണം.
ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാർ പുറപ്പെടുവിക്കുന്ന മാർഗനിർദ്ദേശങ്ങളിൽ മേൽപറഞ്ഞ വ്യവസ്ഥകൾ ഉൾപ്പെടുത്തി തകർന്നടിഞ്ഞ കശുഅണ്ടി വ്യവസായത്തെ പുനരുദ്ധരിക്കാൻ നടപടി സ്വീകരിക്കണം. കേന്ദ്ര നിർദ്ദേശങ്ങൾ ഫലപ്രദമായി നടപ്പാക്കാൻ ബാങ്കുകൾക്ക് കർശന നിർദ്ദേശം നൽകണം. ഇതിനായി പാർലമെന്റംഗം ഉൾപ്പെടെ ജനപ്രതിനിധികളുടെ പങ്കാളിത്തം ഉള്ള പ്രത്യേക മോണിറ്ററിംഗ് സമിതി രൂപീകരിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.