ചാത്തന്നൂർ: കർഷകരെ ദുരിതത്തിലാഴ്ത്തി കഴിഞ്ഞ ഒരാഴ്ചയായി തിമിർത്തുപെയ്ത മഴയ്ക്ക് ഇടവേള കിട്ടിയതോടെ പോളച്ചിറ ഏലായിലെ കൊയ്ത്ത് പുനരാരംഭിച്ചു. എന്നാൽ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളം കെട്ടികിടക്കുന്നതുമൂലം യന്ത്രം ഉപയോഗിച്ചുള്ള കൊയ്ത്ത് ദുഷ്കരമാകുകയാണ്.
പല ഭാഗങ്ങളിലും യന്ത്രം ചെളിയിൽ താഴ്ന്നുപോകുന്നതിനാൽ വെള്ളമില്ലാത്ത ഭാഗങ്ങളിൽ മാത്രമാണ് ഇപ്പോൾ കൊയ്ത്ത് യന്ത്രം ഉപയോഗിക്കുന്നത്. കഴിഞ്ഞ ദിവസം പോളച്ചിറ മണ്ണാത്തി പാറയ്ക്ക് സമീപം താഴ്ന്നുപോയ യന്ത്രം ജെ.സി.ബി, ക്രെയിൻ എന്നിവ ഉൾപ്പെടെ ഉപയോഗിച്ചാണ് ഉയർത്തിയത്. മികച്ച വിളവായതിനാൽ വെള്ളത്തിൽ അകപ്പെട്ട് കിടക്കുന്ന കതിരണിയും കൊയ്തെടുക്കുവാൻ കർഷകർ പരിശ്രമം തുടരുകയാണ്. പല കർഷകരും സ്വന്തം നിലയ്ക്ക് തൊഴിലാളികളെ സംഘടിപ്പിച്ച് കൊയ്ത്ത് ആരംഭിച്ചുകഴിഞ്ഞു.
പമ്പ് ഹൗസ് പുനഃസ്ഥാപിക്കണം
പോളച്ചിറ ഏലായിലെ കിഴക്കേ പാടശേഖരത്തിൽ പതിറ്റാണ്ടുകളായി ഉണ്ടായിരുന്ന പെട്ടിയും പറയും ഉൾപ്പെടുന്ന പമ്പ് ഹൗസ് പുനഃസ്ഥാപിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കർഷകരുടെ ആവശ്യം. ഇതുണ്ടായിരുന്നെങ്കിൽ ഈ ഭാഗത്തെ 150 ഏക്കറോളം നിലങ്ങളിൽ ഇന്ന് വെള്ളക്കെട്ട് രൂപപ്പെടുമായിരുന്നില്ലെന്നും കർഷകർ പറയുന്നു.