പൊതുഗതാഗത മേഖലയിൽ കാലിയോട്ടം
കൊല്ലം: ലോക്ക് ഡൗണിൽ ഇളവ് വരുത്തി സംസ്ഥാനത്ത് പൊതുഗതാഗതം അനുവദിച്ചതിന്റെ ആദ്യദിനമായ ഇന്നലെ ജില്ലയിൽ ആകെയുള്ള 850 സ്വകാര്യ ബസുകളിൽ 50 എണ്ണവും കെ.എസ്.ആർ.ടി.സിയുടെ 570 ഷെഡ്യൂളുകളിൽ 138 എണ്ണവുമാണ് നിരത്തിലിറങ്ങിയത്. മറ്റെല്ലാ മേഖലകളിലും ലോക്ക് ഡൗണിൽ ഇളവ് ലഭിച്ചപ്പോൾ ഉണ്ടായ ആവേശം പൊതുഗതാഗത മേഖലയിൽ കണ്ടില്ല.
രാവിലെയും രാത്രിയും തിരക്കുള്ള സമയങ്ങളിൽ മാത്രമാണ് കെ.എസ്.ആർ.ടി.സി സർവീസ് നടത്തിയത്. ദേശീയപാതയിൽ മാത്രം ഇടയ്ക്കുള്ള സമയങ്ങളിൽ വളരെ ചുരുക്കം സർവീസുകളും നടത്തി. 5000 രൂപ ശരാശരി വരുമാനം ലഭിച്ചതായാണ് ഏകദേശ കണക്ക്. ഇന്ന് വിരലിലെണ്ണാവുന്ന സർവീസുകൾ കൂടി ഉയർത്തിയേക്കും.
അസോസിയേഷന്റെ വിലക്ക് ലംഘിച്ചാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ചുരുക്കം ചില സ്വകാര്യ ബസുകൾ ഓടിത്തുടങ്ങിയത്. ആളില്ലാഞ്ഞതോടെ പല ബസുകളും രണ്ട് മണിക്കൂറിനുള്ളിൽ ഒതുക്കി. കെ.എസ്.ആർ.ടി.സിയുടെ മാതൃകയിൽ തിരക്കുള്ള സമയങ്ങളിൽ മാത്രം ഇന്ന് കൂടുതൽ സ്വകാര്യ ബസുകൾ സർവീസ് നടത്തിയേക്കും. കൊവിഡ് ഭീതിയിൽ യാത്രക്കാർ കൂടുതലായി സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നതാണ് സ്വകാര്യബസുകളെ നിരത്തിലിറങ്ങാൻ ഭയപ്പെടുത്തുന്നത്. കുറഞ്ഞത് 5,000 രൂപയെങ്കിലും വരുമാനം ലഭിച്ചാലെ കെ.ആർ.ടി.സി മാതൃകയിലെങ്കിലും സർവീസ് നടത്താൻ കഴിയുവെന്നും സ്വകാര്യ ബസുടമകൾ പറയുന്നു.
സ്വകാര്യ ബസുടമകൾ ആശങ്കയിൽ
നിലവിലെ സാഹചര്യത്തിൽ ബസുകൾ നിരത്തിലിറക്കിയാൽ തങ്ങൾ കടംകയറി ആത്മഹത്യ ചെയ്യേണ്ടി വരുമെന്നാണ് സ്വകാര്യ ബസുടമകൾ പറയുന്നത്. കൊവിഡ് പരന്നപ്പോൾ തന്നെ വരുമാനം കുത്തനെ ഇടിഞ്ഞിരുന്നു. പലരും സ്വന്തം കീശയിൽ നിന്ന് കാശെടുത്താണ് ജീവനക്കാർക്ക് ശമ്പളം കൊടുത്തിരുന്നത്. ഇപ്പോൾ ബസിറക്കിയാൽ ഡീസലിനുള്ള കാശ് കൂടി തങ്ങൾ ചെലവാക്കേണ്ടി വരുമെന്നും സ്വകാര്യ ബസുടമകൾ പറയുന്നു.
സ്വകാര്യ ബസുകൾ
ആകെ: 850
ഇന്നലെ നിരത്തിലിറങ്ങിയത്: 50
കെ.എസ്.ആർ.ടി.സി
ആകെ: 570
ഇന്നലെ നിരത്തിലിറങ്ങിയത്: 138
സ്വകാര്യ ബസുകളുടെ ചെലവ് (ഒരുദിവസം)
ഡീസൽ
48 സീറ്റിന്- 60 ലിറ്റർ
38 സീറ്റിന്- 50 ലിറ്റർ
ശമ്പളം
ജീവനക്കാർ: 3
പിന്നിലെ കണ്ടക്ടർ- 600 രൂപ
മുന്നിലെ കണ്ടക്ടർ- 650 രൂപ
ഡ്രൈവർ- 700 രൂപ
ബാറ്റ
ഷട്ടിൽ സർവീസിന് 3,000 രൂപയ്ക്ക് മുകളിൽ 10 %
ദീർഘദൂര സർവീസിന് 4,000 രൂപയ്ക്ക് മുകളിൽ 10 %
ഇൻഷ്വറൻസ്, ടാക്സ്, ക്ഷേമനിധി- 18,500 (ആഴ്ചയിൽ)
''
സ്വകാര്യ ബസുകൾ ഇപ്പോൾ നിരത്തിലിറങ്ങിയാൽ കടുത്ത നഷ്ടമായിരിക്കും. അതുകൊണ്ട് സർക്കാർ സ്വകാര്യ ബസുടമകൾക്ക് പ്രത്യേക ധനസഹായം അനുവദിക്കണം.
ടി. ഉദയൻ
സ്വകാര്യ ബസുടമ