മിന്നൽ പരിശോധനയുമായി ഉദ്യോഗസ്ഥർ
കൊല്ലം: മത്സ്യത്തിനും ഇറച്ചിക്കും കൊള്ള വില ഈടാക്കുന്നവരുടെ പട്ടിക പൊതുവിതരണ വകുപ്പ് തയ്യാറാക്കുന്നു. കഴിഞ്ഞ ദിവസം കളക്ടർ പ്രഖ്യാപിച്ച ന്യായവില അടിസ്ഥാനമാക്കി വരും ദിവസങ്ങളിൽ ചന്തകളിലും ഇറച്ചിക്കടകളിലും മിന്നൽ പരിശോധനയും ഉണ്ടാകും.
ഇറച്ചിക്കും മത്സ്യത്തിനും അന്യായ വില ഈടാക്കുന്നുവെന്ന വ്യാപക പരാതിയുടെ അടിസ്ഥാനത്തിലാണ് കളക്ടർ ന്യായവില പ്രഖ്യാപിച്ചത്. ഈ വിലവിവരം പത്രമാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടും പലരും പഴയപടി കൊള്ള തുടരുകയാണ്. ഇതുസംബന്ധിച്ച് കളക്ടർക്കും പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർക്കും ഇന്നലെ നിരവധി പരാതികൾ ലഭിച്ചു. പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർക്ക് ഫോൺ താഴെ വയ്ക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. പരാതിക്കാർ പറയുന്ന കടകളുടെയും കച്ചവടക്കാരുടെയും പട്ടിക തയ്യാറാക്കിയാകും വരും ദിവസങ്ങളിൽ മിന്നൽ പരിശോധന.
ഫിഷറീസ് വകുപ്പും മത്സ്യഫെഡുമായി ആലോചിച്ചാണ് മത്സ്യത്തിന് ഏകീകൃത വില നിശ്ചയിച്ചത്. മീറ്റ് പ്രോഡക്ട്സ് ഒഫ് ഇന്ത്യയുമായി ചർച്ച നടത്തിയാണ് ഇറച്ചിയുടെ ന്യായവില നിശ്ചയിച്ചിട്ടുള്ളത്.
ചന്തകളിൽ തർക്കം
കളക്ടർ നിശ്ചയിച്ച ഏകീകൃത വിലയ്ക്ക് മത്സ്യം ലഭിക്കുമെന്ന പ്രതീക്ഷയിൽ ചന്തയിൽ പോയ പലരും ഇന്നലെ നിരാശരായി. കച്ചവടക്കാരും മീൻ വാങ്ങാനെത്തിയവരും പലയിടങ്ങളിലും തർക്കവും നടന്നു. ഇറച്ചിക്ക് നേരത്തെ ഏകീകൃത വില നിശ്ചയിച്ചിട്ടുണ്ടെങ്കിലും മത്സ്യത്തിന് സമീപഭാവിയിൽ ആദ്യമായാണ് ന്യായ വില വരുന്നത്. കൊള്ളവിലയ്ക്ക് കീഴ്പ്പെടാതെ ഉപഭോക്താക്കൾ ചോദ്യമുയർത്തി തുടങ്ങിയത് നല്ല പ്രവണതയാണെന്നാണ് പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ മത്സ്യം ഭൂരിഭാഗം ചന്തകളിലും വഴിയോരങ്ങളിലും തൂക്കിയല്ല വില്പന. ഇടത്തരം മത്സ്യങ്ങൾ എണ്ണിയും ചെറുമത്സ്യങ്ങൾ വാരിവച്ചുമാണ് വിൽക്കുന്നത്. ഈ സാഹചര്യത്തിൽ മത്സ്യത്തിന്റെ കാര്യത്തിൽ ഏകീകൃത വില ഏത്രത്തോളം പ്രായോഗികമാകുമെന്ന സംശയമുണ്ട്.
''
ഏകീകൃത വില നിശ്ചയിച്ച് പ്രസിദ്ധീകരിച്ചിട്ടും ഇന്നലെ വ്യാപകമായി പരാതി ലഭിച്ചു. വൈകാതെ തന്നെ മിന്നൽ പരിശോധന ഉണ്ടാകും.
ഉണ്ണിക്കൃഷ്ണകുമാർ
ജില്ലാ സപ്ലൈ ഓഫീസർ