കൊല്ലം: ഡെങ്കിപ്പനി അടക്കമുള്ള പകർച്ചവ്യാധികൾ പടർന്നുപിടിച്ച് തുടങ്ങിയിട്ടും നഗരത്തിൽ മഴക്കാല പൂർവ ശുചീകരണം പാളുന്നു. കഴിഞ്ഞ ഒരാഴ്ചയായി പെയ്യുന്ന ശക്തമായ മഴയിൽ ഓടകൾ പലതും നിറഞ്ഞുകവിഞ്ഞ് റോഡുകളിലേക്കും വീടുകളിലേക്കും ഒഴുകി പരക്കുകയാണ്. അടുത്തിടെ കോരിയ ഓടകളിൽ പോലും മലിനജലം തളംകെട്ടി നിൽക്കുകയാണ്. നഗരത്തിന്റെ പല ഭാഗങ്ങളിലും പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യവും കുന്നുകൂടുന്നു.
പരാതി വ്യാപകമായതോടെ കഴിഞ്ഞദിവസം കളക്ടർക്ക് തന്നെ നേരിട്ടിറങ്ങി പലയിടങ്ങളും സന്ദർശിച്ച് അടിയന്തിര ശുചീകരണത്തിന് നിർദ്ദേശം നൽകി. നഗരസഭാ ആരോഗ്യ വിഭാഗം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുഴുകിയതോടെ ഇത്തവണ വൈകിയാണ് മഴക്കാല പൂർവശുചീകരണം തുടങ്ങിയത്.
വാർഡൊന്നിന് ലഭിക്കുന്നത് 30000 രൂപ
മഴക്കാലപൂർവ ശുചീകരണത്തിന് ശുചിത്വ മിഷൻ ഓരോ നഗരസഭാ വാർഡിനും 20000 രൂപ വീതം അനുഭവിച്ചിട്ടുണ്ട്. ഇതിന് പുറമേ നഗരസഭയുടെ തനത് ഫണ്ടിൽ നിന്ന് പതിനായിരം രൂപ വീതവും വിനിയോഗിക്കും.
നഗരസഭയ്ക്ക് നിലവിൽ 293 ശുചീകരണ തൊഴിലാളികളുണ്ട്. ഇവർക്ക് പുറമേ മഴക്കാലപൂർവ ശുചീകരണത്തിന് മാത്രമായി ദിവസ വേതനക്കാരെയും നിയോഗിച്ചിട്ടുണ്ട്. എന്നിട്ടും ഫലപ്രദമായി ശുചീകരണം നടക്കുന്നില്ലെന്നാണ് നഗരത്തിലെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കുന്നത്.