കൊല്ലം: സംസ്ഥാനത്ത് 2020 ലെ ട്രോളിംഗ് നിരോധനം ജൂൺ 9ന് അർദ്ധരാത്രി മുതൽ ജൂലായ് 31ന് അർദ്ധരാത്രി വരെ 52 ദിവസത്തേയ്ക്ക് നടപ്പാക്കാൻ തീരുമാനിച്ചതായി മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ അറിയിച്ചു. ട്രോളിംഗ് നിരോധനം നടപ്പിലാക്കുന്നതിന് മുന്നോടിയായി ഇന്നലെ വീഡിയോ കോൺഫറൻസ് മുഖേന നടത്തിയ ജില്ലാ കളക്ടർമാരുടെയും ബന്ധപ്പെട്ട വകുപ്പ് മേധാവികളുടെയും മത്സ്യത്തൊഴിലാളി ട്രേഡ് യൂണിയൻ നേതാക്കളുടെയും യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
മൺസൂൺകാല കടൽ രക്ഷാപ്രവർത്തനത്തിനും പട്രോളിംഗിനുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ ഫിഷറീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ആരംഭിച്ചു. കൂടാതെ കൊവിഡ് വ്യാപനം തടയുന്നതിന് റിംഗ് സീൻ വള്ളങ്ങളിൽ മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികളുടെ എണ്ണം 30 ആയി നിജപ്പെടുത്തി. സാമൂഹിക അകലം പാലിച്ച് കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് മാത്രമേ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിൽ ഏർപ്പെടാവൂ എന്നും ട്രോളിംഗ് നിരോധനത്തിന് മുന്നോടിയായുള്ള ജില്ലാതല യോഗം 30 നകം നടത്തുമെന്നും മന്ത്രി അറിയിച്ചു.