കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ലോക്ക്ഡൗൺ കാലത്ത് സന്ദർശകരില്ലാതെ അക്വേറിയങ്ങളും അടച്ചിടുകയുണ്ടായി. എന്നാൽ ഈ സാഹചര്യം മത്സ്യങ്ങളിൽ വിഷാദരോഗത്തിൻ്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയെന്നാണ് ഓസ്‌ട്രേലിയൻ ശാസ്‌ത്രജ്ഞർ പറയുന്നത്. ഓസ്‌ട്രേലിയിലെ ക്വീൻസ്‌ലാന്റിലെ കെയ്‌ൻസ് അക്വേറിയത്തിൽ കഴിയുന്ന മത്സ്യങ്ങളിലാണ് വിഷാദരോഗത്തിൻ്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്.
കൊവിഡ് 19 മൂലം മാർച്ച് പകുതിയോടെ അക്വേറിയം അടച്ചിട്ടതോടെ സന്ദർശകർ എത്താതായി. പതിവായി ആളുകളെ കാണുകയും ഗ്ലാസിലൂടെ സന്ദർശകരുമായി ഇടപഴകുകയും ചെയ്‌തിരുന്ന മത്സ്യങ്ങൾ ഇതോടെ അലസരും ഒന്നിനും താൽപ്പര്യമില്ലാത്തവരുമായി തീർന്നുവെന്നാണ് കെയ്‌ൻസിലെ ക്യൂറേറ്ററും സമുദ്ര ജീവശാസ്ത്രജ്ഞനുമായ പോൾ ബാർൺസ് പറയുന്നത്. അക്വേറിയത്തിൻ്റെ ഇരുണ്ട ഭാഗങ്ങളിലേക്ക് പല മത്സ്യങ്ങളും താമസം മാറ്റിക്കഴിഞ്ഞു. ഭക്ഷണം കഴിക്കാൻ മടി കാണിക്കുന്നവയും ഇക്കൂട്ടത്തിൽ ധാരാളമായുണ്ട്.
മത്സ്യങ്ങൾ വിഷാദരോഗത്തിൻ്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയ സാഹചര്യത്തിൽ അവയ്‌ക്ക് മരുന്ന് നൽകുകയാണ് ആവശ്യമെന്നും അധികൃതർ പറഞ്ഞു.സന്ദർശകർ എത്തുന്നതും അവരുമായി ഇടപഴകാൻ കഴിയുന്നതും മത്സ്യങ്ങൾ ആസ്വദിച്ചിരുന്നു. ടാങ്കിന് പുറത്ത് നിൽക്കുന്ന ആളുകളുടെ മുഖം കാണുന്നതിനും വസ്‌ത്രങ്ങളുടെയും മറ്റും നിറങ്ങളും കാണുന്നത് അവയിൽ ആകർഷണം ഉണ്ടാക്കിയിരുന്നു. പെട്ടെന്ന് ഒരു ദിവസം ഈ സാഹചര്യങ്ങൾ നഷ്‌ടമായതോടെ മത്സ്യങ്ങൾ നിരാശരായി തീർന്നുവെന്നും പോൾ ബാർൺസ് വ്യക്തമാക്കി. മത്സ്യങ്ങൾ വ്യത്യസ്‌തമായ കാഴ്‌ചകൾ കാണാനും അത് മനസിലാക്കുവാനും ആഗ്രഹിക്കുന്നവരാണെന്നും ബാർൺസ് പറഞ്ഞു. ടാങ്കിൽ അലസരായി കഴിയുന്ന മത്സ്യങ്ങളെ പഴയ നിലയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി കെയ്‌ൻസിലെ ജീവനക്കാർ പറയുന്നു..