കൊല്ലം: പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരെ ആക്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. അഞ്ചൽ തടിക്കാട് മൈലോട്ടുകോണം നസിം മൻസിലിൽ നിസാമുദ്ദീനാണ് (40) അറസ്റ്റിലായത്. ആക്രമണത്തിൽ പരിക്കേറ്റ അഞ്ചൽ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ഹരീഷ്, പൊലീസ് ഡ്രൈവർ സംഗീത് എന്നിവരെ കടയ്ക്കൽ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തടിക്കാട് സ്വദേശിയായ അമീർ കണ്ണിനെ കാറിലെത്തിയ നിസാമുദ്ദീൻ തടിക്കാട് ജംഗ്ഷനിൽ വച്ച് ചീത്തവിളിക്കുകയും കാറിനിടിയ്ക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതുസംബന്ധിച്ച് അമീർകണ്ണ് നൽകിയ പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരെ നിസാം മർദ്ദിച്ചുവെന്നാണ് കേസ്. മദ്യപിച്ചിരുന്ന ഇയാൾ തുടർന്ന് റോഡിൽ ബഹളം വച്ചു. വിവരം അറിഞ്ഞ് അഞ്ചൽ സി.ഐ സി.എൽ. സുധീർ, എസ്.ഐ ജി. പുഷ്പകുമാർ എന്നിവരുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസെത്തിയാണ് നിസാമുദ്ദീനെ അറസ്റ്റ് ചെയ്തത്. കെട്ടിട നിർമാണ കരാറുകാരനാണ് നിസാമുദ്ദീൻ.