monkey

മനുഷ്യരിൽ മാത്രമല്ല മൃഗങ്ങളിലുമുണ്ട് മാതൃകയാകുന്ന അമ്മമാർ. സ്വന്തം കുഞ്ഞിനെ ജീവനേക്കാളേറെ സ്നേഹിക്കുന്നവർ. ഇലക്ട്രിക് ലൈനിൽ കുടുങ്ങിപ്പോയ തന്റെ കുഞ്ഞിനെ രക്ഷിക്കാൻ സ്വന്തം ജീവൻ പണയം വച്ച് ഒരു അമ്മക്കുരങ്ങ് ശ്രമിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രാജസ്ഥാനിൽ നിന്നുള്ളതാണ് ആ ഹൃദയംതൊടുന്ന ദൃശ്യം.ഒരു ബഹുനില കെട്ടിടത്തിനു മുകളിലിരിക്കുമ്പോൾ എങ്ങനെയോ ഇലക്ട്രിക് ലൈനിൽ കുടുങ്ങി പോയതാണ് ഒരു കുഞ്ഞു കുരങ്ങ്. തിരികെ കെട്ടിടത്തിനു മുകളിലേക്കെത്താൻ കുഞ്ഞിന് സാധിക്കുന്നില്ല. താഴേക്ക് വീണാൽ കുഞ്ഞ് ചത്തു പോകും എന്നുറപ്പായ അമ്മക്കുരങ്ങ് നിസ്സഹായതയോടെ പരക്കം പായുന്നതും കാണാം.

കുഞ്ഞ് കുരങ്ങ് അപകടത്തിൽ പെട്ടതു കണ്ട് മറ്റു കുരങ്ങുകളും അവിടെയെത്തി. വീഴാൻ പോകുമ്പോൾ ഒരു കമ്പിയിൽ നിന്നും മറ്റൊരു കമ്പിയിലേക്കു പിടിച്ച് തൂങ്ങിയാടുകയായിരുന്നു ആ കുഞ്ഞ്. ഒടുവിൽ നിലതെറ്റി താഴേക്ക് വീഴും എന്ന് തോന്നിയപ്പോൾ എന്തും വരട്ടേയെന്ന് കരുതി രണ്ടും കൽപ്പിച്ച് കുഞ്ഞിനെ രക്ഷിക്കാൻ അമ്മക്കുരങ്ങ് ഇലക്ട്രിക് ലൈനിലേക്ക് എടുത്തുചാടി. എന്നാൽ, ആദ്യ ശ്രമം ഫലം കണ്ടില്ലെന്നു മാത്രമല്ല കുഞ്ഞിനെ വീണ്ടും അപകടത്തിലാക്കുകയും ചെയ്തു. ഇതു മനസ്സിലാക്കി അമ്മക്കുരങ്ങ് പെട്ടെന്നു തന്നെ തിരികെ കെട്ടിടത്തിന് മുകളിലേക്ക് മടങ്ങി. ഇനിയും കാത്തുനിന്നാൽ അപകടമാണെന്ന് മനസ്സിലാക്കിയാവണം അമ്മക്കുരങ്ങ് ഒരു ശ്രമം കൂടി നടത്തി നോക്കി. ഇത്തവണ കൃത്യമായി കുഞ്ഞിന്റെ അരികിലേക്കു തന്നെയെത്തിയ അമ്മക്കുരങ്ങ് വേഗം അതിനെ ചേർത്തുപിടിച്ച് സാഹസികമായി തിരികെ കെട്ടിടത്തിലേക്ക് ചാടി രക്ഷപെട്ടു.

ഫോറസ്റ്റ് ഓഫീസറായ പർവാൻ പസ്വാനാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരമ്മയുടെ രക്ഷാദൗത്യം എങ്ങനെ വിജയിക്കാതിരിക്കും?. വീഡിയോ പങ്കുവച്ച് അദ്ദേഹം കുറിച്ചിരിക്കുന്നു.. നിരവധിപേരാണ് ഈ വിഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നത്.

A rescue operation by mother. How can it fail ? @zubinashara pic.twitter.com/TYiQpmFdfd

— Parveen Kaswan, IFS (@ParveenKaswan) May 16, 2020