silver

കൊറോണ കാലത്ത് വന്ന പുതിയ അതിഥിയാണ് മാസ്ക് ,​ ഇപ്പോൾ നിത്യജീവിതത്തിന്റെ ഭാഗം.. മാസ്കിൽ പല പരീക്ഷണങ്ങളും നടത്തുന്നവരുണ്ട്. ഏറ്റവും ഒടുവിൽ ഇപ്പോൾ ഇതാ കർണാടകയിലെ കൊല്ലാപ്പൂരിലെ ഒരു ആഭരണ നിർമാതാവാണ് വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്. കൊറോണക്കാലത്ത് വിവാഹം കഴിക്കുന്ന വധൂവരന്മാർക്ക് അണിയാൻ വെള്ളിയിലുള്ള മാസ്കുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. കർണാടകയിലെ കൊല്ലാപ്പൂരിലെ ആഭരണ നിർമാതാവായ സന്ദീപ് സാഗോങ്കാർ ആണ് വെള്ളി മാസ്‌ക് നിർമ്മിച്ചിരിക്കുന്നത്. മാസ്‌കിന് വേണ്ടി ഒട്ടേറെ ഓർഡറുകളാണ് ലഭിക്കുന്നതെന്നും തന്റെ ബിസിനസ് അഭിവൃദ്ധിപ്പെട്ടിരിക്കുന്നുവെന്നും സന്ദീപ് പറയുന്നു.

വെള്ളിയിലുള്ള മാസ്‌കിന് 25 മുതൽ 35 ഗ്രാം വരെയാണ് ഭാരം. 2500 -3500 രൂപയ്ക്ക് മാസ്‌ക് ലഭ്യമാണ്. നല്ല ഗുണനിലവാരമുള്ള എൻ 95 മാസ്‌കുകൾക്കും അത്രയും വില വരും. സിൽവർ മാസ്‌ക് ഒരു പ്രാവശ്യത്തേക്കാണ് ആളുകൾ വാങ്ങുന്നത്.

കർണാടക- മഹാരാഷ്ട്ര അതിർത്തി ഗ്രാമമായ കൊല്ലാപ്പൂരിലും ബെൽഗാമിലെ ചിക്കോടിയിലും ജുവലറി നടത്തുകയാണ് സന്ദീപ്. മറ്റെല്ലാം ബിസിനസുകളെയും പോലെ എന്റെ കച്ചവടവും ഈ കൊറോണക്കാലത്ത് തകർന്നടിഞ്ഞു. അങ്ങനെയിരിക്കെയാണ് വെള്ളി മാസ്‌ക് നിർമിച്ചാൽ നന്നായിരിക്കുമെന്ന ആലോചന വന്നത്. അത് നല്ലൊരു ചിന്തയായി മാറി. ഇപ്പോൾ തങ്ങളുടെ പ്രിയപ്പെട്ട വധൂവരന്മാർക്ക് വാങ്ങി നല്‍കുന്നതിന് ഒട്ടേറെ പേരാണ് ദിവസവും വെള്ളി മാസ്‌കിനായി ഓർഡർ നല്‍കുന്നത്.- സന്ദീപ് പറയുന്നു.

ഇതിനോടകം നൂറോളം മാസ്‌കുകൾ വിറ്റുപോയെന്നാണ് സന്ദീപ് പറയുന്നത്. ദിവസവും പുതിയ ഓർഡറുകൾ ലഭിക്കുന്നുമുണ്ട്. മാസ്‌ക് വേണമെന്നുള്ളവർ ഒരു ദിവസം മുൻപെങ്കിലും ഓർഡർ നല്‍കണം. സന്ദീപിന്റെ ബിസിനസ് വർദ്ധിക്കുന്നതുകണ്ട് സമീപത്തെ മറ്റ് ആഭരണ നിർമാതാക്കളും വ്യത്യസ്തത നിറഞ്ഞ വെള്ളി മാസ്‌കുകൾ നിർമിച്ചു തുടങ്ങിയിരിക്കുകയാണ്.