lockdown
സമാന്തര സ്ഥാപനങ്ങളിൽ പ്രതിസന്ധി 'ചില്ലറ'യല്ല

 തൊഴിലും വരുമാനവും നിലച്ചിട്ട് രണ്ട് മാസം

കൊല്ലം: കൊവിഡ് വ്യാപന ഭീതിയിൽ മാർച്ച് രണ്ടാം വാരത്തോടെ അടച്ചുപൂട്ടിയ ജില്ലയിലെ നൂറ് കണക്കിന് സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പരിശീലന കേന്ദ്രങ്ങളിലെയും പതിനായിരത്തോളം അദ്ധ്യാപകർ ഉപജീവനത്തിന് വഴിയില്ലാതെ പ്രതിസന്ധിയിൽ. മാർച്ച് 24ന് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് രണ്ടാഴ്‌ച മുമ്പ് പരിശീലന കേന്ദ്രങ്ങൾ അടയ്‌‌ക്കാൻ സർക്കാർ‌ നിർദേശിച്ചിരുന്നു.

വിവിധ വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടിയവർ ഉൾപ്പെടെ ഉന്നത ബിരുദധാരികളാണ് സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകരിൽ മിക്കവരും. രണ്ട് മാസത്തിലേറെയായി തൊഴിലും വരുമാനവും നിലച്ചതോടെ അദ്ധ്യാപകരുടെ കുടുംബങ്ങൾ ദുരിതത്തിലാണ്. ക്ഷേമനിധി ഉൾപ്പെടെയുള്ള ഒരു തരത്തിലുള്ള സർക്കാർ ആനുകൂല്യങ്ങളും ഇവരിൽ മിക്കവർക്കുമില്ല.

ട്യൂഷൻ സെന്ററുകളിൽ ക്ലാസെടുത്ത് കിട്ടുന്ന വരുമാനത്തിൽ പഠനം നടത്തുന്ന ഡിഗ്രി - പി.ജി വിദ്യാർത്ഥികൾ, മറ്റ് ജോലികൾക്കൊപ്പം അധിക വരുമാനത്തിനായി ക്ലാസെടുക്കുന്നവർ, കുടുംബത്തിന് താങ്ങാകാൻ ട്യൂഷൻ സെന്ററുകളിലെ കുട്ടികളെ പഠിപ്പിക്കുന്ന ഉന്നത വിദ്യാഭ്യാസം നേടിയ വീട്ടമ്മമാർ തുടങ്ങി വിവിധ മേഖലകളിലുള്ളവരുടെ ആശ്രയം കൂടിയാണ് അടഞ്ഞത്.

ഓൺലൈൻ ക്ലാസുണ്ട്, വരുമാനം!

പി.എസ്.സി പരിശീലനം നടത്തുന്ന സ്ഥാപനങ്ങളിൽ ചിലർ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചെങ്കിലും സാധാരണ ക്ലാസുകളിലേത് പോലെ വരുമാനം ലഭിക്കുന്നില്ല. നിരവധി പി.എസ്.സി പരീക്ഷകളുടെ വിജ്ഞാപനം വന്നതിനാൽ പഠന കേന്ദ്രങ്ങളിൽ കൂടുതൽ ഉദ്യോഗാർത്ഥികൾ എത്തിയിരുന്നു. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ, വിദ്യാർത്ഥികൾ, വീട്ടമ്മമാർ, തൊഴിലാളികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ പരിശീലനത്തിനെത്തിയിരുന്നു. എന്നാൽ ഫീസ് പിന്നാലെ അടയ്ക്കാമെന്നാണ് ഉദ്യോഗാർത്ഥികൾ പറയുന്നത്.


ഉപജീവനത്തിന് സമാന്തര വഴിയില്ല

1. കൂടുതൽ വിജ്ഞാപനങ്ങൾ വന്നതിനാൽ പി.എസ്.സി പഠനത്തിനും തിരക്ക്

2. പരിശീലന കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യമൊരുക്കാൻ ലക്ഷങ്ങൾ ചെലവായി

3. പരിശീലന കേന്ദ്രങ്ങൾ ഉയർന്നത് ബാങ്ക് ലോണിലും പലിശപ്പണത്തിലും

4. മുടക്ക് മുതൽ ലഭിക്കും മുമ്പേ കൊവിഡ് പ്രതിസന്ധി

5. സർക്കാർ സഹായങ്ങൾ മേഖലയ്ക്ക് നിലവിൽ ലഭിച്ചിട്ടില്ല

ഫീസ് നിലച്ചു, ജീവിതവും

 ഒന്ന് മുതൽ പത്തുവരെ ക്ലാസുകളിലെ ട്യൂഷൻ സെന്ററുകൾ

 സി.ബി.എസ്.ഇ - ഐ.സി.എസ്.ഇ പഠന കേന്ദ്രങ്ങൾ

 പ്ലസ് ടു - ഡിഗ്രി ട്യൂഷൻ ക്ലാസുകൾ

 ഓരോ വിഷയത്തിനും പ്രത്യേകമായുള്ള സെന്ററുകൾ

 പി.എസ്.സി - എൻട്രൻസ് പരിശീലന സ്ഥാപനങ്ങൾ

 വീടുകളിലെ ട്യൂഷൻ ക്ലാസുകളും

അദ്ധ്യാപകർ: 1,000 ലേറെ

''

ആയിരങ്ങളുടെ ജീവിത മാർഗമാണ് നിലച്ചത്. പ്രതിസന്ധി കാലത്തെ എങ്ങനെ അതിജീവിക്കുമെന്നറിയില്ല. ഉദ്യോഗാർത്ഥികളെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

ആർ. അനന്തകൃഷ്‌ണൻ

അദ്ധ്യാപകൻ, ചവറ