bus
നിലനിൽപ്പിനായി നിരത്തിലേക്ക്

 തിങ്കളാഴ്ച മുതൽ കൂടുതൽ സ്വകാര്യ ബസുകൾ

കൊല്ലം: ലോക്ക് ഡൗൺ ഇളവുകൾക്കും സാമ്പത്തിക പ്രതിസന്ധികൾക്കുമിടയിലൂടെ തിങ്കളാഴ്ച മുതൽ കൂടുതൽ സ്വകാര്യ ബസുകൾ നിരത്തിലിറങ്ങും. ഒട്ടുമിക്ക ബസുകൾക്കും സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായുള്ള അറ്റകുറ്റപ്പണികൾ തുടങ്ങി. രണ്ടുമാസത്തെ ഇൻഷ്വറൻസ് തുക ഒഴിവായി കിട്ടാനാണ് 24 ബസുകൾ നിരത്തിലിറക്കാതിരിക്കുന്നത്.

ലോക്ക് ഡൗൺ കാലത്തെ ഇൻഷ്വറൻസ് അടവ് ഒഴിവാക്കി നൽകാമെന്ന് ഇൻഷ്വറൻസ് കമ്പിനികൾ ഉറപ്പ് നൽകിയിട്ടുണ്ട്. ഈമാസം 24 വരെ നിരത്തിൽ ഇറങ്ങാതിരുന്നാലേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ. രണ്ട് മാസക്കാലം തുടർച്ചയായി നിരത്തിലിറങ്ങിയില്ലെന്ന് ആർ.ടി.ഒയുടെ സാക്ഷ്യപത്രം നൽകിയാൽ മതി. ഗതാഗത മന്ത്രിയുമായി ബസുടമകളുടെ പ്രതിനിധികൾ നടത്തിയ ചർച്ചയിൽ സാക്ഷ്യപത്രം നൽകാൻ ധാരണയായിട്ടുണ്ട്. 13,000 രൂപ വരെ ഇത്തരത്തിൽ ഇൻഷ്വറൻസ് അടവ് ഒഴിവായി കിട്ടും.

ഈ മാസം 26ന് മാറ്റിവച്ച എസ്.എസ്.എൽ.സി പരീക്ഷ ആരംഭിക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് നിരത്തിലിറക്കുന്നത് കൂടുതൽ നീട്ടേണ്ടന്ന നിലപാടിലേക്ക് ബസുടമകൾ എത്തിയത്.

850 സ്വകാര്യ ബസ് പെർമിറ്റാണ് ജില്ലയിലുള്ളലത്. ഇതിൽ ഇന്നലെ 50 ഓളം സ്വകാര്യ ബസുകൾ സർവീസ് നടത്തിയെങ്കിലും കടുത്ത നഷ്ടമായിരുന്നു. കൂടുതൽ ബസുകൾ നിരത്തിലിറങ്ങിയാലെ പൊതുജനങ്ങളും യാത്രയ്ക്ക് തയ്യാറാകൂ. ഒറ്റ, ഇരട്ട സംഖ്യകളിൽ അവസാനിക്കുന്ന രജിസ്ട്രേഷൻ നമ്പരുള്ള ബസുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ സർവീസ് നടത്താൻ സ്വകാര്യ ബസുടമകൾക്കിടയിൽ ആലോചന ഉണ്ടായിരുന്നു. ജനങ്ങളെ പഴയ യാത്രാ ശീലത്തിലേക്ക് കൊണ്ടുവരാൻ കൂടിയാണ് ഒറ്റ, ഇരട്ട വ്യത്യാസമില്ലാതെ കൂടുതൽ ബസുകൾ നിരത്തിലിറക്കുന്നത്.

ജില്ലയിലെ സ്വകാര്യബസ്

പെർമിറ്റ്: 850

ഇന്നലെ സർവീസ് നടത്തിയത്: 50

ഇൻഷ്വറൻസ്

ഒഴിവാകുന്നത്: 2 മാസം

തുക: 13,000 രൂപ

(ലോക്ക് ഡൗൺ കാലത്തെ അടവ് ഒഴിവാക്കി)

"

രണ്ട് മാസത്തെ ഇൻഷ്വറൻസ് അടവ് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിയുമായും ഇൻഷ്വറൻസ് കമ്പിനുകളുമായി ധാരണയായിട്ടുണ്ട്. എസ്.എസ്.എൽ.സി പരീക്ഷ പുനരാരംഭിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് കൂടുതൽ നീട്ടാതെ സർവീസ് വേഗത്തിൽ ആരംഭിക്കുന്നത്.

ലോറൻസ് ബാബു

ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ

സംസ്ഥാന സെക്രട്ടറി