santhamma
ശാന്തമ്മ മക്കളായ അഖിൽ, അമൽ എന്നിവർക്കൊപ്പം മൺകൂരയ്ക്ക് മുന്നിൽ

 കാരുണ്യമെത്തിയാൽ കുടുംബം കരകയറും

ഓടനാവട്ടം: പൊട്ടിപ്പൊളിഞ്ഞ് ചോർന്നൊലിക്കുന്ന മൺകൂരയുടെ പടിവാതിലിലിരുന്ന് ഈ അമ്മയ്ക്ക് പറയാനുള്ളത് 'ഞങ്ങളെ സഹായിക്കുന്നവരെ ദൈവം കാക്കും" എന്നുമാത്രമാണ്. മറ്റൊന്നും പറയാൻ കണ്ണീര് അനുവദിക്കുന്നില്ല. മുട്ടറ ഒന്നാം വാർഡ് ശാന്തിഭവനിൽ വിധവയായ ശാന്തമ്മയുടെ ജീവിതത്തിൽ തേങ്ങലടങ്ങുന്നില്ല. ഓട്ടിസം ബാധിച്ച് തിരിച്ചറിവ് നശിച്ചുകൊണ്ടിരിക്കുന്ന മൂത്ത മകൻ അഖിൽ, ഇളയ മകൻ അമൽ എന്നിവരെ ഓർത്താണ് ഈ അമ്മയുടെ ആധി.

ഭർത്താവ് ബാലകൃഷ്ണനാചാരി ഏഴുവർഷത്തെ കിടപ്പുരോഗത്തിനൊടുവിൽ കഴിഞ്ഞ വർഷം വിട്ടകന്നു. ഇതോടെ കുടുംബം അനാഥമായി. ഭർത്താവിന്റെയും മകന്റെയും ചികിത്സ നടത്തി സാമ്പത്തികമായും തകർന്നു. അടച്ചുറപ്പുള്ളൊരു മുറിയില്ലാത്തതിനാൽ രോഗിയായ മകനെ തനിച്ചാക്കി കൂലിപ്പണിക്ക് പോകാനും നിവൃത്തിയില്ല. ലോക്ക് ഡൗൺ കാലത്ത് സാമൂഹിക അടുക്കളയിൽ നിന്ന് മൂന്നുപേർക്കും പൊതിച്ചോറ് ലഭിച്ചിരുന്നു. ഇപ്പോൾ അതും നിലച്ചു. ഏത് സമയത്തും നിലംപൊത്താറായ മൺകൂരയിൽ രാത്രികാലങ്ങളിൽ ഈ അമ്മ ഉറക്കമിളച്ച് മക്കൾക്ക് കാവലിരിക്കുകയാണ്.

കൂട്ടുകാരുടെ സഹായത്തോടെ അനിമേഷൻ കോഴ്സിന് പഠിക്കാൻ ഇളയ മകൻ അമൽ ശ്രമിച്ചെങ്കിലും ലാപ്പ്ടോപ്പും മറ്റും വാങ്ങാൻ പണമില്ലാത്തതിനാൽ ആ ശ്രമവും ഉപേക്ഷിച്ചു.

മൂത്ത മകന്റെ ചികിത്സ, ഇളയമകനെ ഒരു കരയെത്തിക്കുക ശാന്തമ്മയുടെ ആഗ്രഹങ്ങൾ ഇത്രമാത്രം. കിടപ്പാടം വാങ്ങാൻ ഭർത്താവ് വെളിയം സഹകരണബാങ്കിൽ നിന്നെടുത്ത വായ്പാ തിരിച്ചടവ് രണ്ട് വർഷമായി മുടങ്ങി. ബാങ്ക് നടപടി സ്വീകരിച്ചാൽ ഉള്ള കിടപ്പാടവും നഷ്ടപ്പെടും. സർക്കാരിനും പഞ്ചായത്ത് അധികൃതർക്കുമൊക്കെ നിവേദനങ്ങൾ നൽകുന്നുണ്ടെങ്കിലും ഒന്നിനും മറുപടിയില്ല. സന്മനസുള്ളവരുടെ കാരുണ്യമാണ് ഈ അമ്മയുടെ പ്രതീക്ഷ. ഓടനാവട്ടം എസ്.ബി.ഐ ശാഖയിൽ അഖിലിന്റെയും ശാന്തമ്മയുടെയും പേരിൽ അക്കൗണ്ട് ആരംഭിച്ചു. നമ്പർ. 67173035245. ഐ.എഫ്.എസ്.സി കോഡ്: എസ്.ബി.ഐ.എൻ 0070832.