pho
പുനലൂർ നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ സുഭാഷ്.ജി.നാഥിൻെറ നേൃത്വത്തിൽ ആരോഗ്യ പ്രവർത്തകർ പുനലൂർ ടൗണിൽ ശുചീകരണം നടത്തുന്നു.

 ആശങ്ക വർദ്ധിപ്പിച്ച് തമിഴ്നാട് അതിർത്തി സ്ഥലങ്ങൾ

പുനലൂർ: കിഴക്കൻ മലയോര മേഖലയിൽ വേനൽ മഴ ശക്തമായതോടെ ഡെങ്കിപ്പനി ബാധിതരുടെ എണവും വർദ്ധിക്കുന്നു. നേരത്തെ ഡെങ്കിപ്പനി ബാധിച്ച 27 പേർക്ക് പുറമെ ഇന്നലെ ഏഴുപേരെ കൂടി പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരസഭയിലെ മണിയാർ, കല്ലാർ വാർഡുകൾക്ക് പുറമെ അഞ്ചലിൽ നാലും, ഏരൂരിൽ ഒരാൾക്കുമാണ് ഡെങ്കിപ്പനി ബാധിച്ചത്.

നേരത്തെ ചികിത്സ തേടിയതിൽ ഭൂരിഭാഗം പേരും അസുഖം ഭേദമായി വീട്ടിലേക്ക് മടങ്ങിയിരുന്നു. പനി ബാധിതരുടെ എണ്ണം ഓരോദിവസവും വർദ്ധിക്കുന്നത് ആരോഗ്യവകുപ്പ് അധികൃതരെയും ജനങ്ങളെയും ആശങ്കയിലാക്കുകയാണ്. കൊവിഡ് വ്യാപന മേഖലയായ തമിഴ്നാട് അതിർത്തിയോട് ചേർന്ന പുനലൂർ താലൂക്കിലെ താമസക്കാർ അതിന്റെ ആശങ്കയിൽ കഴിയുന്നതിനിടെയാണ് ഡെങ്കിപ്പനി കൂടി പടരുന്നത്.

മന്ത്രി കെ. രാജുവിന്റെ അദ്ധ്യക്ഷതയിൽ പുനലൂരിൽ ചേർന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുടെയും സംയുക്ത യോഗത്തിൽ കൊതുക് നശീകരണവും ശുചീകരണവും നടത്തുമെന്ന് തീരുമാനിച്ചെങ്കിലും നടപടികൾ നീളുകയാണ്.

പ്രതിരോധം പാളി, തലപൊക്കി

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മൂലം മഴക്കാല പൂർവ ശുചീകരണ ജോലികൾ നടത്താൻ വൈകിയതാണ് പുനലൂർ താലൂക്കിൽ ഡെങ്കിപ്പനി വ്യാപകമാകാൻ കാരണം. എന്നാൽ പുനലൂർ നഗരസഭാ പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങളും വാർഡുകൾ തോറും ഡെങ്കിപ്പനിക്കെതിരെ ബോധവത്കരണ പരിപാടികളും നടത്തി വരികയാണ്. ടൗണിലെ ഓടകളിലും മറ്റും കെട്ടിക്കിടക്കുന്ന മലിന ജലം ഇന്നലെ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ സുഭാഷ്.ജി.നാഥിന്റെ നേതൃത്വത്തിൽ നീക്കം ചെയ്തു.

ഡെങ്കിപ്പനി

‌നേരത്തെയുള്ളവർ: 27

ഇന്നലെ മാത്രം: 7

ആകെ: 34

''

തോട്ടം മേഖലകളിൽ കൊതുക് നശീകരണത്തിന് ഫോഗിംഗ് നടത്തും. പബ്ലിക്ക് കംഫർട്ട് സ്റ്റേഷനുകൾ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ ശുചീകരിക്കും.


കെ. രാജു, മന്ത്രി