covid
വ്യാപാരകേന്ദ്രങ്ങൾ

 തിരിച്ചുവരവിന്റെ സാദ്ധ്യതകൾ തേടി വ്യാപാരകേന്ദ്രങ്ങൾ

കൊല്ലം: കൊവിഡ് പ്രതിസന്ധി മറികടക്കാൻ സാദ്ധ്യമായ എല്ലാ വഴികളും തേടുകയാണ് ജില്ലയിലെ വ്യാപാര മേഖല. അവശ്യസാധനങ്ങളുടെ വിൽപ്പന കേന്ദ്രങ്ങൾ, മെഡിക്കൽ സ്റ്റോറുകൾ എന്നിവർക്ക് മാത്രമാണ് കൊവിഡ് കാലത്ത് ഉലയാതെ പിടിച്ചുനിൽക്കാനായത്. ബേക്കറികൾ, ഹോട്ടലുകൾ, ഫാൻസി സ്റ്റോറുകൾ, വസ്ത്രശാലകൾ തുടങ്ങി വൈവിദ്ധ്യ വിൽപ്പന കേന്ദ്രങ്ങളുടെ സ്ഥിതി സുരക്ഷിതമെന്ന് പറയാനാകില്ല.

ജനങ്ങളുടെ വരുമാനം കുറഞ്ഞതോടെ പൊതുവിപണിയിൽ നിന്ന് വാങ്ങാനുള്ള ശേഷിയും കുറഞ്ഞു. ഇത് വിപണിയുടെ നിലനിൽപ്പിനെ ബാധിക്കുന്ന തരത്തിലേക്ക് നീങ്ങുകയാണ്. സാധാരണക്കാരായ തൊഴിലാളികളുടെ കൈയിൽ പണമെത്തുമ്പോൾ മാത്രമാണ് വിപണി പൂർണതോതിൽ ചലിക്കുക. ഭക്ഷ്യധാന്യ കിറ്റും അരിയും റേഷൻ കടകൾ വഴി സംസ്ഥാന സർക്കാർ നൽകിയതിനൊപ്പം കേന്ദ്ര സർക്കാരും സൗജന്യ റേഷനൊപ്പം പയർ, കടല എന്നിവ കൂടി ലഭ്യമാക്കിയത് സാധാരണക്കാർക്ക് ആശ്വസമാണ്. ഇതിനാൽ മിക്ക കുടുംബങ്ങളും പൊതുവിപണിയിൽ നിന്ന് കഴിഞ്ഞ മാസങ്ങളിൽ വാങ്ങിയ സാധനങ്ങളുടെ അളവിൽ വലിയ കുറവുണ്ടായി. പ്രതിസന്ധിയിൽ നിന്ന് പുറത്ത് വരാനുള്ള എല്ലാ വഴികളും തേടുകയാണ് വ്യാപാര കേന്ദ്രങ്ങളിപ്പോൾ.


ആയിരങ്ങൾക്ക് തൊഴിൽ നഷ്ടം

വ്യാപാര കേന്ദ്രങ്ങൾ തുറന്നു എന്നതല്ലാതെ വിപണത്തിൽ കാര്യമായ നേട്ടമുണ്ടായിട്ടില്ല. വലിയ കടകളിലെ ജീവനക്കാരിൽ നാലിലൊന്ന് പോലും തിരികെ പ്രവേശിച്ചിട്ടില്ല. എല്ലാവർക്കും ചെയ്യാനുള്ള ജോലിയുമില്ല. ലോക്ക് ഡൗൺ കാലത്ത് താത്കാലികമായി നഷ്ടപ്പെട്ട തൊഴിൽ വരും ദിവസങ്ങളിൽ കുറെപേർക്ക് സ്ഥിരമായി നഷ്ടപ്പെടാനാണ് സാദ്ധ്യത. സമൂഹിക സാഹചര്യം പഴയ നിലയിൽ എത്തിയെങ്കിൽ മാത്രമേ എല്ലാവർക്കും തൊഴിൽ സാദ്ധ്യത തിരികെലഭിക്കൂ.

.......................

പൊതികളിലൊതുങ്ങി ഹോട്ടലുകൾ

ഹോട്ടലുകളിൽ നിന്ന് ഭക്ഷണ പൊതികൾ നൽകാൻ മാത്രമാണ് അനുമതി. ഇതിനാൽ മിക്ക ഹോട്ടലുകളും തുറന്നിട്ടില്ല. പാഴ്സൽ കൗണ്ടർ മാത്രമായി പ്രവർത്തിപ്പിക്കുന്നത് എല്ലായിടത്തും പ്രായോഗികമല്ല. ഊണും കാപ്പിയും ചായയും നൽകിയിരുന്ന ഇടത്തരം ഹോട്ടലുകൾ, നാട്ടിടങ്ങളിലെ ഹോട്ടലുകൾ എന്നിവിടങ്ങളിൽ പാഴ്സൽ മാത്രമെന്നത് ഫലപ്രദമല്ല. നഷ്ടം കണക്കിലെടുത്ത് ജീവനക്കാർക്ക് അവധി നൽകി ഇത്തരം ഹോട്ടലുകൾ അടച്ചിട്ടിരിക്കുകയാണ്. മാനദണ്ഡങ്ങൾ പാലിച്ച് ഭക്ഷണം വിളമ്പാൻ അനുവദിക്കണമെന്ന് ഉടമകളുടെ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.

വരുമാനം വർദ്ധിപ്പിക്കാൻ വ്യാപാരികൾ

1. അടച്ചിടുന്നതാണ് ലാഭമെന്ന് കരുതി തുറക്കാൻ മടിക്കുന്നു

2. തൊഴിലാളികളുടെ എണ്ണം താത്കാലികമായി കുറച്ചു

3. സ്‌കൂൾ വിപണികൾ സജീവമായി തുടങ്ങിയിട്ടില്ല

4. തൊഴിൽ മേഖലകൾ സജീവമാകാൻ കാത്ത് വിപണി

5. രണ്ടുമാസം അടച്ചിട്ടതോടെ സാധനങ്ങൾ ഉപയോഗശൂന്യമായി

6. കശുഅണ്ടി ഫാക്ടറികളിൽ വൻ നഷ്ടം

''

ലോക്ക് ഡൗൺ മുതൽ വ്യാപാര മേഖലയിൽ നഷ്ടം നിലനിൽക്കുകയാണ്. ചെലവ് കുറച്ച് പ്രവർത്തനം നടത്താനും നഷ്ടം നികത്താനുമാണ് ശ്രമിക്കുന്നത്.

കെ. നവാസ്

വ്യാപാരി