കൊല്ലം: കൊവിഡ് സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി സ്റ്റേഷനുകളിൽ പൊലീസുകാരുടെ എണ്ണം പകുതിയായി ചുരുക്കാനുള്ള ഡി.ജി.പിയുടെ ഉത്തരവ് ജില്ലയിൽ ഇതുവരെ നടപ്പായത് ഒരു സ്റ്റേഷനിൽ മാത്രം. കൊല്ലം സിറ്റി പരിധിയിൽ ഉത്തരവ് നടപ്പിലാക്കിയതായി കാട്ടിക്കൂട്ടാനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ റൂറലിൽ ഉത്തരവ് കുപ്പയിൽ തള്ളിയ ലക്ഷണമാണ്.
ഈമാസം 16നാണ് ഡി.ജി.പി സ്റ്റേഷനുകളിലെ അംഗസംഖ്യ പകുതിയായി കുറയ്ക്കാനുള്ള ഉത്തരവിറക്കിയത്. ഏതെങ്കിലും ഒരു ഉദ്യോഗസ്ഥന് ബാധിച്ച് മറ്റുള്ളവരിലേക്ക് പടർന്ന് പൊലീസ് സേന ഒന്നാകെ ക്വാറന്റൈനിലാകുന്ന സ്ഥിതി ഒഴിവാക്കാനാണ് പുതിയ പരിഷ്കാരം. പകുതി പൊലീസുകാർ തുടർച്ചയായി ഏഴ് ദിവസം ജോലി ചെയ്യണം. ബാക്കി പകുതിപേർ ഈ സമയം വീട്ടിൽ വിശ്രമിച്ച ശേഷം തൊട്ടടുത്ത ആഴ്ച തുടർച്ചയായി ജോലി ചെയ്യുന്ന തരത്തിലാണ് പരിഷ്കാരം.
കൊല്ലം സിറ്റിയിൽ പകുതി പൊലീസുകാർ എന്നതിന് പകരം നാലിലൊന്ന് പേരെ വീട്ടിലിരുത്തി ഉത്തരവ് തട്ടിക്കൂട്ടി നടപ്പാക്കാനാണ് ശ്രമം. റൂറൽ പൊലീസ് പരിധിയിൽ പുതിയ പരിഷ്കാരം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ റിപ്പോർട്ട് തേടിയിരുന്നു. പൊലീസുകാരുടെ എണ്ണക്കുറവ് ചൂണ്ടിക്കാട്ടി തുടർനടപടികൾ നിറുത്തിവച്ചിരിക്കുകയാണ്. വിദേശരാജ്യങ്ങളിൽ നിന്ന് എത്തുന്നവരെ ക്വാറന്റൈൻ കേന്ദ്രങ്ങളിൽ എത്തിക്കുന്നത് പൊലീസുകാരാണ്. അവർ ക്വാറന്റൈനിൽ ഉണ്ടോയെന്ന് ഇടയ്ക്കിടെ സന്ദർശിച്ച് ഉറപ്പുവരുത്തുന്നുമുണ്ട്. പ്രവാസികൾക്കിടയിൽ രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ അവരുമായി കൂടുതൽ ഇടപഴകുന്ന പൊലീസുകാരിൽ ഒരു വിഭാഗത്തെ കരുതലായി മാറ്റിനിറുത്താത് വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കും.
എ.ആർ ക്യാമ്പിലും നടക്കുന്ന ലക്ഷണമില്ല
500 ഓളം പൊലീസുകാർ താമസിക്കുന്ന എ.ആർ ക്യാമ്പിലും ഉത്തരവ് നടപ്പാക്കാനുള്ള നടപടി തുടങ്ങിയിട്ടില്ല. ഒരു ഉദ്യോഗസ്ഥന് രോഗം ബാധിച്ചാൽ മറ്റുള്ളവരിലേക്ക് പടരാനുള്ള സാദ്ധ്യത എ.ആർ ക്യാമ്പിൽ കൂടുതലാണ്.
ജില്ലയിലെ ആകെ പൊലീസുകാർ: 2,400
ആകെ പൊലീസ് സ്റ്റേഷനുകൾ: 38
സിറ്റിയിൽ:19
റൂറലിൽ: 19
സ്റ്റേഷനുകളിലെ തസ്തിക: 35 മുതൽ 70 വരെ
നിലവിലുള്ളവര: 25 മുതൽ 60 വരെ
"
ഉത്തരവ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിവിധ വശങ്ങൾ പഠിച്ച് വരികയാണ്."
എ. പ്രതീപ്കുമാർ
കൊല്ലം എ.സി.പി