അഞ്ചൽ: ഒരിക്കൽ പാമ്പുകടിയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ നിന്ന് രക്ഷപ്പെട്ട യുവതി വീണ്ടും പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ നൽകിയ പരാതിയിൽ ജില്ലാ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം. യുവതിയുടെ മാതാപിതാക്കൾ റൂറൽ ജില്ലാ പൊലീസ് സൂപ്രണ്ട് ഹരിശങ്കറിന് നൽകിയ പരാതിയെ തുടർന്ന് ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി എ. അശോകനെ അന്വേഷണ ചുമതല ഏൽപ്പിച്ചു. ഏറം വെള്ളശേരി വീട്ടിൽ വിജയസേനൻ- മണിമേഖല ദമ്പതികളുടെ മകൾ ഉത്തരയുടെ (25) മരണത്തിലാണ് അന്വേഷണം. മകളെ ഭർത്താവ് സൂരജ് പാമ്പിനെ ഉപയോഗിച്ച് അപായപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായാണ് പരാതി. ഭർതൃഗൃഹത്തിൽ പാമ്പുകടിയേൽക്കുന്നതിന് നാലുദിവസം മുമ്പ് വീടിന്റെ രണ്ടാം നില കയറുമ്പോൾ പടിയിൽ പാമ്പ് കിടക്കുന്നത് കണ്ടതായി മകൾ പറഞ്ഞ കാര്യവും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആ പാമ്പിനെ ഭർത്താവ് ചാക്കിലാക്കി എവിടേക്കൊ മാറ്റിയിരുന്നു. മേയ് 7ന് പുലർച്ചെ ഏറത്തെ കുടുംബവീട്ടിലെ കിടപ്പുമുറിയിലാണ് ഉത്തര പാമ്പുകടിയേറ്റു മരിച്ചത്. മുറിയിൽ മൂർഖനെ കണ്ടെത്തി അടിച്ചുകൊന്നു. മാർച്ച് 2ന് അടൂർ കാരയ്ക്കലുള്ള ഭർതൃഗൃഹത്തിൽ വച്ചാണ് ആദ്യം പാമ്പുകടിയേറ്റത്. ഏറത്തെ വീട്ടിൽ യുവതിക്ക് പാമ്പുകടിയേറ്റ ദിവസം രാത്രിയോടെ മാതാവ് ജനാലകൾ അടച്ചിരുന്നു. എന്നാൽ പിന്നീട് എ.സി മുറിയിലെ ജനൽ സൂരജ് തുറന്നിടുകയായിരുന്നെന്നും രക്ഷിതാക്കൾ പറഞ്ഞു. സ്വത്ത് തട്ടിയെടുക്കാൻവേണ്ടി ഉത്തരയുടെ സഹോദരനാണ് അപായപ്പെടുത്തിയതെന്ന് കാട്ടി സൂരജും ഇതിനിടെ പൊലീസിൽ പരാതി നൽകി.