കുണ്ടറ: ഗിന്നസിൽ നോട്ടമിട്ട് നട്ടുവളർത്തിയ ശതാവരിച്ചെടിയിൽ വിളഞ്ഞത് 61.5 കിലോഗ്രാം കിഴങ്ങ്. കുണ്ടറ കാഞ്ഞിരകോട് കുതിരപ്പന്തിയിൽ പ്രദീപിന്റെ കൃഷിയിടത്തിലാണ് ഇത്രയും തൂക്കമുള്ള ശതാവരിക്കിഴങ്ങ് കിട്ടിയത്. സാധാരണ ഒന്നിൽ 10-12 കിലോഗ്രാമാണ് ലഭിക്കുന്നത്. രണ്ടു വർഷമാണ് ഇതിന്റെ കാലദൈർഘ്യം. ഒരുവർഷമാകുമ്പോൾ മുതൽ കിഴങ്ങുകൾ ശേഖരിക്കാം. വീണ്ടും പൊട്ടി വളരും. ഒരു ചെടിയിൽനിന്ന് ഇത്രയധികം ഭാരമുള്ള കിഴങ്ങുകൾ ലഭിച്ചതായി കേട്ടുകേഴ്‌വി ഇല്ലെന്നാണ് പ്രദീപ് പറയുന്നത്. ഗിന്നസ് ബുക്ക് ഒഫ് റെക്കാഡ്സ് പരിശോധിക്കുന്നുണ്ട്. ആയുർവേദത്തിലെ ജീവന പഞ്ചമൂലങ്ങളിലുൾപ്പെട്ട ശതാവരിക്കിഴങ്ങ് നിരവധി ഔഷധങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നുണ്ട്. പ്രവാസിയായ പ്രദീപിന് പറമ്പും പാടവുമായി അഞ്ചേക്കറോളം കൃഷിയിടമുണ്ട്. നെൽകൃഷി നിലച്ചതോടെയാണ് പച്ചക്കറിയിലേക്ക് തിരിഞ്ഞത്. കൗതുകത്തിനാണ് ശതാവരി കൃഷി പരീക്ഷിച്ചത്.
''രണ്ടു വർഷം ആകുമ്പോഴേക്കും 10 മുതൽ 12 കിലോ വരെ തൂക്കം വരും. ചെടി നട്ട് ഒൻപത് വർഷമായി വിളവെടുക്കാതിരുന്നതിനാലാണ് ഇത്രയും തൂക്കം വച്ചത്
-രതീഷ് കുമാർ
കൃഷി ഓഫീസർ, കുണ്ടറ