ചാത്തന്നൂർ: ആരോഗ്യരംഗത്തെ വിപ്ലവകരമായ മുന്നേറ്റമാണ് ഡയാലിസിസ് യൂണിറ്റുകളെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. നെടുങ്ങോലം രാമറാവു താലൂക്ക് ആശുപത്രിയുടെ ശതോത്തര രജത ജൂബിലി സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ആരംഭിച്ച 'പ്രതീക്ഷ' ഡയാലിസിസ് യൂണിറ്റിന്റെയും കാരുണ്യ കമ്മ്യൂണിറ്റി ഫാർമസിയുടെയും ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു മന്ത്രി. ജി.എസ്. ജയലാൽ എം.എൽ.എ കോൺഫറൻസിലൂടെ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാരിന്റെ പദ്ധതിയിലുൾപ്പെടുത്തി 3 കോടി രൂപ വിനിയോഗിച്ചാണ് ഡയാലിസിസ് യൂണിറ്റ് പൂർത്തിയായത്. ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ രോഗികൾക്ക് മൂന്ന് ഷിഫ്ടുകളായി ഡയാലിസിസ് നടത്താം. കൊവിഡ് പാക്കേജിൽ ഉൾപ്പെടുത്തി പരിശീലനം നൽകിയ ഡോക്ടറോടൊപ്പം എട്ട് സ്റ്റാഫ് നഴ്സുമാരെയും 4 ഡയാലിസിസ് ടെക്‌നീഷ്യന്മാരെയും യൂണിറ്റിൽ നിയമിച്ചിട്ടുണ്ട്. നഗരസഭാ ചെയർമാൻ കെ.പി. കുറുപ്പ്, വൈസ് ചെയർപേഴ്സൺ ആർ. ഷീബ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. യാക്കൂബ്, ഡി.പി.എം ഡോ. ഹരികുമാർ, രാമറാവു ആശുപത്രി മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. വൈ. എബ്രഹാം അശോക് എന്നിവർ പങ്കെടുത്തു.