ഏരൂർ: മഴപെയ്താൽ ചില്ലിംഗ് പ്ലാന്റ് ജംഗ്ഷനിൽ റോഡ് തോടാകുന്ന അവസ്ഥ. ശക്തമായ മഴയിൽ സമീപത്തെ വീടുകളിലേക്കും ഗവൺമെന്റ് ആയുർവേദ ഡിസ്‌പെൻസറി കോമ്പൗണ്ടിലേക്കും വെള്ളം ഇരച്ചു കയറുകയാണ്. തൊട്ടടുത്ത് കലുങ്ക് ഉണ്ടെങ്കിലും ആവശ്യത്തിന് ഓട ഇല്ലാത്തതാണ് വെള്ളക്കെട്ടിന് കാരണം. മലയോര ഹൈവേയുടെ നിർമ്മാണത്തിന്റെ ഭാഗമായി റോഡ് മണ്ണിട്ട് ഉയരം കൂട്ടിയെങ്കിലും വശങ്ങളിൽ ആവശ്യത്തിനുള്ള ഓട നിർമ്മിച്ചില്ല. മഴപെയ്താൽ വെള്ളം ഒഴുകിപ്പോകാതെ റോഡിന്റെ വശങ്ങളിൽ കെട്ടിനിൽക്കുകയാണ്.
ജലം ഒഴുകിപ്പോകാൻ പാകത്തിൽ ഓട നിർമ്മിച്ചാൽ മാത്രമേ ഈ ദുരവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കാൻ കഴിയൂ. എത്രയും വേഗം അധികൃതർ നടപടി സ്വീകരിക്കണം നാട്ടുകാർ
മലിനജലം കിണറ്റിലേക്ക്
റോഡിനോട് ചേർന്ന് തന്നെയാണ് ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയിലെ കിണർ സ്ഥിതി ചെയ്യുന്നത്. കാലപ്പഴക്കത്തിൽ വിള്ളൽ വീണ കല്ലുകെട്ടിന് ഇടയിലൂടെ റോഡിലെ മലിനജലം കിണറ്റിലേക്ക് ഇറങ്ങുന്നുണ്ട്. മഴയായാൽ ഡിസ്‌പെൻസറിയുടെ മുറ്റത്ത് വെള്ളം നിറയുന്നത് ജീവനക്കാർക്കും രോഗികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.