പുത്തൂർ സ്റ്റേഷന് മുന്നിൽ സംഘർഷം, ലാത്തിച്ചാർജ്
പുത്തൂർ: പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് മാറനാട് പടിഞ്ഞാറ് എട്ടാം വാർഡംഗം രാധാമണിയമ്മയെ (52) ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.രാധാകൃഷ്ണൻ മർദ്ദിച്ചെന്ന സംഭവത്തിൽ കോൺഗ്രസ് - സി.പി.എം പ്രവർത്തകർ പുത്തൂർ പൊലീസ് സ്റ്റേഷന് മുന്നിൽ ഏറ്റുമുട്ടിയത് സംഘർഷത്തിൽ കലാശിച്ചു. ഇരുവിഭാഗത്തെയും പിരിച്ചുവിടാൻ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ മുൻഗ്രാമപഞ്ചായത്ത് പ്രസിഡന്റിനടക്കം നിരവധി പേർക്ക് പരിക്കേറ്റു.
കോൺഗ്രസ് നേതാക്കളായ തോമസ് വർഗീസ്, പാലംബിജു, അഭിലാഷ് കൂരോംവിള, പ്രിജി കൈതക്കോട്, അനീഷ് പാങ്ങോട്, സുകേഷ് പവിത്രേശ്വരം, സന്തോഷ് കരിമ്പൻപുഴ, ഡി.വൈ.എഫ്.ഐ. പ്രവർത്തകരായ അരുൺ, രഞ്ജിത്ത് എന്നിവർക്കും ലാത്തിചാർജിൽ പരിക്കേറ്റു. ഇവർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
കുടുംബശ്രീ വായ്പാ വിതരണവുമായി ബന്ധപ്പെട്ട് പവിത്രേശ്വരം പഞ്ചായത്തിൽ തർക്കങ്ങളുണ്ടായിരുന്നു. ഇന്നലെ ഉച്ചയോടെ കുടുംബശ്രീ ഓഫീസിൽ സി.ഡി.എസ് ചെയർപേഴ്‌സണുമായി രാധാമണിയമ്മയുൾപ്പെടെ വാർഡംഗങ്ങൾ സംസാരിച്ചു കൊണ്ടിരിക്കെ അവിടെയെത്തിയ വി.രാധാകൃഷ്ണൻ ചെയർപേഴ്‌സണെ മാറ്റിക്കൊണ്ടുപോകാൻ ശ്രമിച്ചു. മെമ്പർമാർ ഇത് തടഞ്ഞപ്പോൾ വൈസ് പ്രസിഡന്റ് രാധാമണിയമ്മയെ അടിക്കുകയും പിടിച്ചു തള്ളുകയും ചെയ്തുവെന്നാണ് പരാതി. മർദ്ദനമേറ്റ് രാധാമണി അമ്മ നിലത്തുവീണു. ഇതിനിടെ വാർഡംഗം അനീഷ് പാങ്ങോട് തന്നെ കൈയേറ്റം ചെയ്‌തതാതി ആരോപിച്ച് സി.ഡി.എസ് ചെയർപേഴ്‌സൺ ശോഭനകുമാരിയും രംഗത്തെത്തി.
സംഭവം അറിഞ്ഞ് സംഘടിച്ചെത്തിയ കോൺഗ്രസ് പ്രവർത്തകർ വൈസ് പ്രസിഡന്റിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചു. എതിർ ഭാഗത്ത് സി.പി.എം പ്രവർത്തകരും സംഘടിച്ചതോടെ പഞ്ചായത്ത് ഓഫീസ് പരിസരം സംഘർഷാവസ്ഥയിലായി. സ്ഥലത്തെത്തിയ പൊലീസ് ഇരുവിഭാഗത്തിൽ പെട്ടവരെയും പൊലീസ് സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോയെങ്കിലും അവിടെയും വാക്കേറ്റമായതോടെ സംഘർഷാവസ്ഥ ഒഴിവാക്കാൻ പൊലീസ് ഇരു വിഭാഗക്കാരെയും സ്‌റ്റേഷൻ വളപ്പിൽ നിന്ന് പുറത്താക്കി. റോഡിലും സംഘർഷം തുടർന്നതോടെ പൊലീസ് ലാത്തി വീശി. രാധാമണിയമ്മയെ മർദ്ദിച്ചെന്ന പരാതിയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.രാധാകൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. രാധാമണിയമ്മയെയും ശോഭനാകുമാരിയെയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സി.ഡി.എസ് ചെയർപേഴ്‌സന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ വാർഡംഗത്തിനെതിരെയും കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
പരിക്കേറ്റ വാർഡംഗത്തേയും കോൺഗ്രസ് പ്രവർത്തകരേയും കൊടിക്കുന്നിൽ സുരേഷ് എം.പി, ഡി.സി.സി. പ്രസിഡന്റ് ബിന്ദുകൃഷ്ണ എന്നിവർ ആശുപത്രിയിൽ സന്ദർശിച്ചു. പൊലീസ് അതിക്രമത്തിനെതിരെ നടപടി വേണമെന്ന് ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സുരേഷ് പാങ്ങോട്, ഉല്ലാസ് കോവൂർ എന്നിവർ ആവശ്യപ്പെട്ടു.