കൊല്ലം: ഗിന്നസ് ചക്കയ്ക്ക് പിന്നാലെ ദാ കൊല്ലത്ത് നിന്നൊരു ശതാവരി കിഴങ്ങ്! അറുപത്തൊന്നര കിലോയുള്ള ശതാവരി കിഴങ്ങാണ് കൊല്ലം കുണ്ടറ കാഞ്ഞിരകോട് കുതിരപ്പന്തിയിൽ പ്രദീപിന്റെ കൃഷിയിടത്തിൽ നിന്നും ലഭിച്ചത്. സാധാരണ പത്ത് മുതൽ പന്ത്രണ്ട് കിലോവരെ തൂക്കമുള്ളതാണ് പാകമായ ശതാവരി കിഴങ്ങുകൾ. ആയുർവേദത്തിലെ ജീവന പഞ്ചമൂലങ്ങളിലുൾപ്പെട്ട ശതാവരിക്കിഴങ്ങ് നിരവധി ഔഷധങ്ങൾ നിർമ്മിക്കുന്നതിനായി ഉപയോഗിക്കുന്നവയാണ്. രണ്ട് വർഷമാണ് ശതാവരി ചെടിയുടെ ആയുസ്. ഒരു വർഷം തികയുമ്പോൾ മുതൽ കിഴങ്ങുകൾ ശേഖരിച്ച് ഉപയോഗിക്കാം.
വീണ്ടും കിഴങ്ങുകൾ മുളച്ചുവരും. മറ്റ് ചെടികളിലെ കിഴങ്ങുകൾ സാധാരണയായിരുന്നെങ്കിലും ഒരു ചെടിയുടെ മൂട് കിളച്ചപ്പോൾ പ്രദീപ് അതിശയിച്ചുപോയി. തൂക്കിനോക്കിയപ്പോൾ 61.5 കിലോ തൂക്കവുമുണ്ട്. മറ്റുള്ളവരോട് തിരക്കിയപ്പോഴാണ് ഇത് റിക്കോർഡ് തൂക്കമാണെന്ന് മനസിലായത്. ഗിന്നസ് ബുക്ക് ഓഫ് റെക്കാർഡ്‌സിൽ ഇത് പുതുതായി രജിസ്റ്റർ ചെയ്യേണ്ടതായി വരുമെന്നാണ് ലഭിച്ച വിവരം. പ്രവാസിയായ പ്രദീപിന് പറമ്പും പാടവുമായി അഞ്ച് ഏക്കറോളം സ്ഥലമുണ്ട്. പച്ചക്കറികളാണ് പ്രധാന കൃഷി. പാടത്ത് നെൽകൃഷി ചെയ്‌തിരുന്നത് നിലച്ചു. കൗതുകത്തിനാണ് ശതാവരി കൃഷി പരീക്ഷിച്ചത്. അതിലൊന്ന് അത്ഭുത വിളവ് തന്നു.