കൊല്ലം: പുത്തൂരിൽ പൊലീസ് സ്റ്റേഷന് മുന്നിൽ ഉപരോധത്തിനെത്തിയ കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിവീശി, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുൾപ്പടെ ഏഴ് പേർക്ക് പരിക്ക്. പവിത്രേശ്വരം ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ വായ്പയുമായി ബന്ധപ്പെട്ട് മഹിളാ കോൺഗ്രസ് പ്രവർത്തകർ സി.ഡി.എസ് ചെയർപേഴ്സൺ ആശയെ തടഞ്ഞുവയ്ക്കുകയുണ്ടായി. ഈ സമയത്തെത്തിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.രാധാകൃഷ്ണൻ സി.ഡി.എസ് ചെയർപേഴ്സണെ അവിടെ നിന്നും മോചിപ്പിച്ചു. പഞ്ചായത്ത് മെമ്പർ രാധാമണിയുടെ നേതൃത്വത്തിൽ ഇതിന് തടയിടാൻ ശ്രമിച്ചെങ്കിലും വൈസ് പ്രസിഡന്റ് ബലപ്രയോഗം നടത്തിയെന്നാണ് പരാതി.
മെമ്പർ രാധാമണിയെ വൈസ് പ്രസിഡന്റ് മർദ്ദിച്ചതായി ചൂണ്ടിക്കാട്ടി പുത്തൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയെങ്കിലും പൊലീസ് അലംഭാവം കാട്ടുകയായിരുന്നു. കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായിട്ടുള്ള രാധാമണിയെ ഏറെനേരെ പൊലീസ് സ്റ്റേഷനിൽ ഇരുത്തിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ സംഘടിച്ചെത്തി. കൊട്ടാരക്കര ഡിവൈ.എസ്.പി നാസറുദ്ദീന്റെ നേതൃത്വത്തിൽ ഇവരെ തടഞ്ഞെങ്കിലും കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി ഉറച്ചുനിന്നു. തുടർന്നാണ് പൊലീസ് ലാത്തിവീശിയത്. നേതാക്കളടക്കമുള്ളവരെ ലാത്തികൊണ്ട് അടിച്ചുപൊട്ടിച്ചു.
പഞ്ചായത്തിന്റെ മുൻ പ്രസിഡന്റ് തോമസ് വർഗ്ഗീസ് അടക്കം ഏഴുപേരെ പരിക്കുകളോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊവിഡ് നിയന്ത്രണങ്ങൾ തെറ്റിച്ച് സംഘടിച്ചതിനടക്കം കോൺഗ്രസ് പ്രവർത്തകർക്കെതിരെ പുത്തൂർ പൊലീസ് കേസെടുത്തു. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും കൊടിക്കുന്നിൽ സുരേഷ് എം.പിയും ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണയും സന്ദർശിച്ചു.