bengali
കൊല്ലം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു സമീപത്തെ ക്യാമ്പിൽ നിന്ന് നാട്ടിൽ പോകാനിറങ്ങിയ അന്യസംസ്ഥാന തൊഴിലാളികളുമായി പൊലീസ് സംഘം ചർച്ച നടത്തുന്നു

 20 തൊഴിലാളികൾ ഇന്നലെ വൈകിട്ടാണ് നാട്ടിലേക്ക് പോകാൻ ഇറങ്ങിയത്

കൊല്ലം: നാട്ടിലേക്ക് തിരികെപ്പോകണമെന്ന ആവശ്യവുമായി സാധനങ്ങളുമായി റോഡിലിറങ്ങിയ അന്യസംസ്ഥാന തൊഴിലാളികളെ പൊലീസ് അനുനയിപ്പിച്ച് മടക്കി അയച്ചു. ഇന്നലെ വൈകിട്ടാണ് കൊല്ലം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തെ ക്യാമ്പിൽ താമസിച്ചിരുന്ന തൊഴിലാളികളിൽ ഇരുപതോളം പേർ നാട്ടിലേക്ക് പോകാൻ സാധനങ്ങളുമായി നിരത്തിലിറങ്ങിയത്. തൊഴിലാളികൾ റോഡിലിറങ്ങി നടക്കുന്നെന്ന വിവരമറിഞ്ഞാണ് പൊലീസ് പാഞ്ഞെത്തിയത്. നാട്ടിലേക്ക് പോകാൻ കെ.എസ്.ആർ.ടി.സി ബസ് വേണമെന്നായിരുന്നു ഇവരുടെ പ്രധാന ആവശ്യം. കെ.എസ്.ആർ.ടി.സി ബസ് നൽകാനാകില്ലെന്നും ജില്ലാ ഭരണകൂടവും തൊഴിലാളികളുടെ സംസ്ഥാനവും അനുവദിച്ചാൽ സ്വകാര്യ ടൂറിസ്റ്റ് ബസ് ഏർപ്പാടാക്കാമെന്നും പൊലീസ് വ്യക്തമാക്കി. പശ്ചിമ ബംഗാളിലെത്താൻ സ്വകാര്യ ബസിന് ലക്ഷത്തിലേറെ രൂപ നൽകേണ്ടി വരുമെന്ന് അറിഞ്ഞപ്പോൾ പണമില്ലെന്നായി തൊഴിലാളികൾ. ഒടുവിൽ ഇവരെ അനുനയിപ്പിച്ച് തിരികെ താമസ കേന്ദ്രത്തിലെത്തിച്ചു.

തൊഴിലാളി ക്യാമ്പുകളിൽ അസ്വസ്ഥത

കൊല്ലത്തെ നിർമ്മാണ തൊഴിലാളികളാണ് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിച്ച സംഘത്തിലുള്ളത്. കൊല്ലത്ത് നിന്ന് പശ്ചിമ ബംഗാളിലേക്ക് ഇന്ന് പുലർച്ചെ പോകുന്ന ആദ്യ ട്രെയിനിൽ അവസരം ലഭിക്കാത്തതിലുള്ള പ്രതിഷേധമാണ് തെരുവിലിറങ്ങാൻ കാരണമായതെന്ന് കരുതുന്നു. ഇവരുടെ താമസ കേന്ദ്രത്തിലുള്ള 17 പേർക്ക് ആദ്യ ട്രെയിനിൽ യാത്രാനുമതി ലഭിച്ചിരുന്നു. നാട്ടിലേക്ക് പോകാൻ കഴിയാത്തിൽ അന്യ സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ കുറെ ദിവസങ്ങളായി അസ്വസ്ഥത നിലനിൽക്കുകയാണ്. ഇതോടെ ക്യാമ്പുകളിൽ പൊലീസ് നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. ഭക്ഷണം ഉൾപ്പെടെ ഏത് ആവശ്യത്തിനും ബുദ്ധിമുട്ട് നേരിട്ടാൽ പൊലീസിനെ അറിയിക്കണമെന്ന് നിർദ്ദേശിച്ചാണ് കൺട്രോൾ റൂം, കൊല്ലം ഈസ്റ്റ് പൊലീസ് സംഘങ്ങൾ മടങ്ങിയത്.