കൊല്ലം: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കുടുംബശ്രീക്ക് പ്രഖ്യാപിച്ച വായ്പ ലഭിക്കുന്നത് അംഗങ്ങളിൽ രണ്ടോ മൂന്നോ പേർക്ക് മാത്രം. എന്നാൽ ഇതിന്റെ ബാദ്ധ്യത അംഗങ്ങൾക്ക് മൊത്തത്തിലും. ലിങ്കേജ് സംവിധാനത്തിൽ വായ്പ നൽകാൻ തീരുമാനിച്ചതോടെ കുടുംബശ്രീയിലെ 65 ശതമാനം പേരും വായ്പയ്ക്ക് അർഹതയില്ലാതെ പുറത്താകുമെന്നുറപ്പായി.
12 അംഗങ്ങളുള്ള കുടുംബശ്രീ ഗ്രൂപ്പിൽ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ബാങ്കുകൾ വഴി പലിശയില്ലാ വായ്പ അനുവദിക്കുന്നത് രണ്ടോ മുന്നോ പേർക്ക് മാത്രമാകും. അംഗങ്ങൾക്ക് വ്യക്തിഗത വരുമാനം കുറവായിരിക്കുമെങ്കിലും കുടുംബത്തിന്റെ മൊത്ത വരുമാനം നോക്കിയാകും വായ്പ നൽകുക. കുടുംബശ്രീ അംഗങ്ങൾ യോഗം ചേർന്ന് തീരുമാനമെടുക്കുകയും അതിന്റെ മിനിട്സിന്റെ പകർപ്പ് ബാങ്കിൽ ഹാജരാക്കുകയും ചെയ്താൽ വായ്പ ലഭിക്കുന്നതായിരുന്നു രീതി. ബാങ്കുകളിൽ കുടുംബശ്രീ അംഗങ്ങൾ കൂട്ടായി അംഗത്വമെടുക്കുമ്പോൾ തന്നെ തിരിച്ചറിയൽ കാർഡും ഫോട്ടോയും നൽകിയിട്ടുണ്ട്.
എന്നാലിപ്പോൾ കൊവിഡ് പലിശ രഹിത വായ്പ ഏതെങ്കിലും രണ്ടോ മുന്നോ അംഗങ്ങൾക്ക് നൽകിയാൽ പോലും എല്ലാ അംഗങ്ങളും തിരിച്ചറിയൽ കാർഡും ഫോട്ടോയും റേഷൻകാർഡിന്റെ പകർപ്പും നൽകണമെന്നാണ് ബാങ്കുകൾ നിർബന്ധിക്കുന്നത്. വായ്പ എടുക്കുന്നവരെപ്പോലെ ബാക്കി അംഗങ്ങളെയും ബാദ്ധ്യതയിൽ നിറുത്തിയാണ് വായ്പ നൽകുക.
അടവ് മുടങ്ങിയാൽ കുടുബശ്രീ അംഗങ്ങൾ മൊത്തത്തിൽ തിരിച്ചടയ്ക്കേണ്ട അവസ്ഥയിലേയ്ക്കാണ് കാര്യങ്ങൾ പോകുന്നത്. മറ്റംഗങ്ങൾക്ക് വായ്പ കൊടുക്കാതിരിക്കുകയും കടബാദ്ധ്യതയിൽ പങ്കാളികളാക്കുകയും ചെയ്യുന്നതിനെതിരെ കുടുബശ്രീയിൽ വ്യാപകമായ അലോസരമുയരുകയാണ്. വായ്പ കിട്ടുന്നവരുടെ മാത്രം രേഖകൾ വാങ്ങിയാൽ മതിയെന്ന് സർക്കാർ പ്രത്യേക നിർദ്ദേശങ്ങളൊന്നും നൽകിയിട്ടുമില്ല.