പുനലൂർ: ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ പുനലൂർ പട്ടണത്തിൽ ഗതാഗതക്കുരുക്ക് വീണ്ടും രൂക്ഷമായി. രാവിലെ ഒൻപത് കഴിയുന്നതോടെ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങളെക്കൊണ്ട് പട്ടണം നിറയും. ഉച്ചവരെയും ഇതാണ് അവസ്ഥ. ഇതാണ് പൊലീസിന് വീണ്ടും തലവേദനയാകുന്നത്.
രണ്ട് മാസത്തോളം വീടിന് പുറത്ത് ഇറങ്ങാൻ കഴിയാതെ വീർപ്പുമുട്ടിയ നൂറുകണക്കിന് ജനങ്ങളാണ് വാഹനങ്ങളുമായി പുനലൂരിൽ ദിവസവും എത്തുന്നത്. ഓഫീസുകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും പ്രവർത്തനം വീണ്ടും ആരംഭിച്ചതും തിരക്കിനുള്ള കാരണമാണ്. കെ.എസ്.ആർ.ടി.സി സർവീസുകൾ പൂർണതോതിൽ ആരംഭിക്കാത്തതിനാൽ പലരും സ്വകാര്യ വാഹനങ്ങളെയാണ് യാത്രയ്ക്ക് ആശ്രയിക്കുന്നത്. ഇവയും ആട്ടോറിക്ഷകളും അലക്ഷ്യമായി റോഡരുകിൽ പാർക്ക് ചെയ്യുന്നതും ഗതാഗത തടസത്തിന് കാരണമാകുന്നു. തിരക്ക് നിയന്ത്രിക്കുന്നതിന് പൊലീസിനും പലപ്പോഴും കഴിയാറില്ല.
കുരുങ്ങിക്കറങ്ങി ഈ റോഡുകൾ
പുനലൂർ ടി.ബി ജംഗ്ഷൻ, കെ.എസ്.ആർ.ടി.സി, എസ്.ബി.ഐ, വൈദേഹി, മാർക്കറ്റ്, പോസ്റ്റ് ഓഫീസ് തുടങ്ങിയ പ്രധാന ജംഗ്ഷനുകൾക്ക് പുറമെ കച്ചേരി റോഡിലുമാണ് ഗതാഗതക്കുരുക്ക് ഏറെ സങ്കീർണം.താലൂക്ക് ആശുപത്രിയിലേക്ക് പോകുന്ന കച്ചേരി റോഡിന്റെ രണ്ട് വശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാൽ രോഗികളുമായി എത്തുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്.
വൺവേ സംവിധാനം ശക്തമാക്കണം
കച്ചേരി റോഡിലെ വൺവേ സംവിധാനം കർശനമാക്കിയാൽ രോഗികളുമായി എത്തുന്നവരുടെ ബുദ്ധിമുട്ടുകൾ ഒരു പരിധിവരെ പരിഹരിക്കാൻ കഴിയും. എന്നാൽ ദേശിയപാത കടന്ന് പോകുന്ന ടൗണിൽ ലോക്ക് ഡൗണിൽ വരുത്തിയ ഇളവുകൾക്ക് ശേഷം രൂക്ഷമായി കൊണ്ടിരിക്കുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കൂടുതൽ നടപടി വേണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.