chicken
കൂകി ഉയർന്ന് കോഴിവില

 പെരുന്നാൾ വിപണിയിൽ വിലക്കയറ്റം

കൊല്ലം: സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്ത തരത്തിൽ ഇറച്ചിക്കോഴി വില അനുദിനം പറന്നുയരുന്നു. കൊവിഡ് വ്യാപന ഭീതി ആരംഭിക്കുന്നതിന് മുൻപ് ശരാശരി 90 മുതൽ 105 രൂപാ വരെ ഒരു കിലോയ്‌ക്ക് ഈടാക്കിയിരുന്ന കോഴിക്ക് ഇപ്പോൾ വില 170 രൂപയിലേക്ക് അടുക്കുകയാണ്. ഇന്നലെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ 145 മുതൽ 165 രൂപ വരെ ആയിരുന്നു ബ്രോയിലർ കോഴിയുടെ വില. ഗ്രാമശ്രീ, ഗ്രാമപ്രീയ, കൈരളി, നാടൻ ഇനങ്ങളിലെ പൂവൻകോഴിയുടെ കിലോ വില 300 മുതൽ 370 വരെ ഈടാക്കിയവരുണ്ട്. പെരുന്നാൾ വിപണി സജീവമായതോടെ ഇതിനെ മറയാക്കി വില ഉയർത്തുന്നവരും കുറവല്ല. സമയവും സാഹചര്യവും അനുസരിച്ച് ഒരു വിഭാഗം വില വർദ്ധിപ്പിക്കുമ്പോൾ ന്യായവിലയിൽ ഇറച്ചിക്കോഴികളെ ലഭ്യമാക്കുന്ന വ്യാപാരികളും ജില്ലയിലുണ്ട്. ഇറച്ചിക്കോഴിക്ക് അമിത വില ഈടാക്കുന്നുവെന്ന പരാതിയിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ അൻപതിനടുത്ത് വ്യാപാരികൾക്കെതിരെ നടപടി ശുപാർശ ചെയ്‌തിരുന്നു. വിലനിലവാരം പ്രദർശിപ്പിക്കണമെന്ന് കർശന നിർദേശം നൽകിയിട്ടുണ്ടെങ്കിലും പാലിക്കാത്തവരാണ് അധികവും. മത്സ്യലഭ്യതയിലെ കുറവും അമിത വിലയുമാണ് സാധാരണക്കാരിൽ പലരെയും കോഴിവിപണിയിലേക്ക് അടുപ്പിച്ചത്. പക്ഷേ അതിനെ ചൂഷണം ചെയ്ത് പകൽ കൊള്ള നടക്കുകയാണ് മിക്കപ്പോഴും.

വില കൂടിയാലും കർഷകന് നേട്ടമില്ല

വിപണിയിൽ വില ഉയർന്നാലും സാധാരണ കോഴി കർഷകന് ഇതിന്റെ നേട്ടം ലഭിക്കുന്നില്ല. കർഷകരിൽ നിന്ന് ചെറുകിട കച്ചവടക്കാരിലേക്ക് കോഴികളെത്തിക്കുന്ന ഇടനിലക്കാർക്കും ഒരു വിഭാഗം വ്യാപാരികൾക്കുമാണ് വില വർദ്ധനവിന്റെ നേട്ടം. ഒരു ദിവസം പ്രായമായ കോഴിയെ കുറഞ്ഞത് 20 രൂപ നിരക്കിലാണ് കർഷകൻ വാങ്ങുന്നത്. ഒരു കോഴിക്ക് രണ്ടര കിലോയോളം തൂക്കം വെക്കണമെങ്കിൽ കുറഞ്ഞത് മൂന്ന് കിലോയോളം കോഴിത്തീറ്റ നൽകേണ്ടി വരും. 25 മുതൽ മുപ്പത് രൂപ വരെയാണ് കോഴിത്തീറ്റ വില. മുടക്ക് മുതൽ മാത്രമാണ് പലപ്പോഴും കർഷകന് തിരികെ ലഭിക്കുക.


മൂന്നുമാസം മുൻപേ വിപണി തകർന്നു

പക്ഷിപ്പനി ഭീതിയിൽ വിപണി ഇടിഞ്ഞപ്പോൾ മൂന്ന് കോഴിയെ നൂറ് രൂപയ്ക്ക് വിറ്റത് മൂന്ന് മാസം മുൻപാണ്. ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞിന്റെ വിലയിലേക്ക് ഒരു കിലോ കോഴിയുടെ വില കൂപ്പുകുത്തി. അതോടെ കോഴിക്കുഞ്ഞുങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കി കർഷകരിൽ പലരും കളം വിട്ടു. മാർച്ച് അവസാനത്തോടെ കൊവിഡ് വ്യാപന ഭീതി തുടങ്ങിയതോടെ മത്സ്യ ലഭ്യത കുറഞ്ഞത് കോഴിക്ക് ആവശ്യക്കാരേറി. അന്ന് മുതൽ വിപണിയിലെ വിലയ്ക്ക് നിയന്ത്രണമില്ല. ആവശ്യത്തിന് കോഴി ഇല്ലാത്തതും കോഴിത്തീറ്റ ക്ഷാമവും ഒക്കെയാണ് വില വർദ്ധനവിന് കാരണമെന്ന് അന്ന് പറഞ്ഞെങ്കിലും ഇപ്പോഴത്തേത് ആസൂത്രണത്തോടെയുള്ള വിലക്കയറ്റമാണ്.


''

എല്ലാ ആഴ്‌ചയിലും കോഴി വാങ്ങാറുണ്ട്. വലിയ വിലക്കയറ്റമാണ് ഇപ്പോഴുണ്ടായത്. സ്ഥിരമായി വാങ്ങുന്നതിനാൽ ചെറിയ വിലക്കുറവ് കടയുടമ നൽകുന്നുണ്ടെങ്കിലും താങ്ങാനാകില്ല.

ഡി.സൂരജ്, കൊല്ലം

കോഴി വില

കോഴിക്കുഞ്ഞ്: 20 രൂപ (ഒരു ദിവസം പ്രായം)

വളർച്ചയെത്താൻ: 45 ദിവസം

തീറ്റ: 3 കി. ഗ്രാം

തീറ്റ ചെലവ്: 70 രൂപ (മാറ്റം വരും)

തൂക്കം: 2.5 കി. ഗ്രാം

മറ്റ് ചെലവുകൾ: 10 രൂപ (ഒരു കോഴിക്ക്)

കർഷകന് ലഭിക്കുന്നത്: 120 രൂപ മുതൽ

വിലയിലെ മാറ്റം (കി. ഗ്രാം)

1. ജനുവരി - ഫെബ്രുവരി: 90- 105 രൂപ

2. മാർച്ച് രണ്ടാം വാരം: 40 രൂപ

3. അടുത്ത ദിവസങ്ങളിൽ: മൂന്ന് കോഴി 100 രൂപ

4. മാർച്ച് അവസാന ദിവസങ്ങളിൽ: 130 രൂപ

5. ഏപ്രിൽ: 130- 148 രൂപ

6. മേയ് 140- 170 രൂപ

(ലാഭം ഇടനിലക്കാർക്കും വിൽപ്പനക്കാർക്കും)