dengue
ഡെങ്കി

 ജില്ലയിൽ ഡെങ്കിപ്പനി ബാധിതർ കൂടുന്നു

..............

കൊതുക്

കിടത്തിയത്

46 പേരെ

.................

കൊല്ലം: കൊവിഡ് ഭീതി നിലനിൽക്കുന്നതിനിടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനിയും പടരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ 46 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ജില്ലയുടെ കിഴക്കൻ മേഖലയിൽ ഉൾപ്പെടുന്ന അഞ്ചൽ, ഏരൂർ, പൂനലൂർ എന്നിവിടങ്ങളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഈഡിസ് ഈജിപ്തി എന്ന വിഭാഗത്തിൽപ്പെട്ട കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഈ വിഭാഗം കൊതുകുകൾ പകൽ സമയത്താണ് കടിക്കുക. ഡെങ്കിപ്പനി ബാധിക്കുന്നവർ കൃത്യസമയത്ത് ചികിത്സ തേടാതിരുന്നാൽ രക്തത്തിൽ പ്ലേറ്റലറ്റുകളുടെ എണ്ണം കുറഞ്ഞ് രോഗി ഗുരുതരാവസ്ഥയിലേക്ക് നീങ്ങും. അതുകൊണ്ട് തന്നെ രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സിക്കാതെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തണം.

കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് ഈഡിസ് ഈജിപ്തി കൊതുക് പെറ്റുപെരുകുന്നത്. സാധാരണ എല്ലാവർഷവും ഈസമയത്ത് ഡെങ്കിപ്പനി പടരുന്നതാണ്. മുൻ വർഷങ്ങളിലേത് പോലെ വ്യാപകമായ വ്യാപനത്തിലേക്ക് ഇനിയും എത്തിയിട്ടില്ല. രണ്ടുവർഷം മുൻപ് ഡെങ്കിപ്പനി വ്യാപകമായി പടർന്നിരുന്നു. കഴിഞ്ഞ വർഷം മഴക്കാലപൂർവ ശുചീകരണത്തിലൂടെ വലിയ അളവിൽ തടഞ്ഞുനിറുത്താൻ കഴി‌ഞ്ഞു. ഇത്തവണ തദ്ദേശസ്ഥാപനങ്ങളും ആരോഗ്യവകുപ്പും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനാൽ മഴക്കാല പൂർവ ശുചീകരണത്തിൽ വേണ്ടത്ര ജാഗ്രത പുലർത്താൻ കഴിഞ്ഞോയെന്ന ആശങ്കയുണ്ട്.


ലക്ഷണങ്ങൾ

 കടുത്ത പനി

 തലവേദന

 കണ്ണിന് ചുറ്റും, പേശികൾ, സന്ധികൾ എന്നിവയ്ക്ക് വേദന

 ക്ഷീണം

 ഛർദ്ദി

രോഗം പടരാതിരിക്കാൻ

1. മഴവെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കണം

2. കിണറുകളും കുടിവെള്ള ടാങ്കുകളും വല ഉപയോഗിച്ച് മൂടണം

3. പെട്ടി, പാട്ട, ചിരട്ട, ടയർ എന്നിവ വെള്ളം കെട്ടി നിൽക്കുന്ന തരത്തിൽ സൂക്ഷിക്കരുത്

4. ഓടകളും ചെറുജലാശയങ്ങളും ശുചീകരിക്കണം

5. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം

6. ഡെങ്കി ബാധിത മേഖലകളിൽ ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കണം

രോഗം സ്ഥിരീകരിച്ചവർ

തീയതി- എണ്ണം

15-8

16-8

17-0

18-8

19-8

20-7

21- 7

രോഗം പടരുന്ന സ്ഥലങ്ങൾ

 അഞ്ചൽ

 ഏരൂർ

 ഇടമുളയ്ക്കൽ

 പുനലൂർ

 തലച്ചിറ

 പൂയപ്പള്ളി

 പത്തനാപുരം

 കുളത്തൂപ്പുഴ

 തെന്മല