കൊട്ടാരക്കര: കെട്ടിടങ്ങളും അനുബന്ധ ഹൈടെക് സംവിധാനങ്ങൾക്കുമൊപ്പം വിദ്യാർത്ഥികൾക്ക് ഇൻഷ്വറൻസ് പരിരക്ഷയും സൗജന്യ യാത്രയും ഉറപ്പാക്കി കൊട്ടാരക്കര പൂവറ്റൂർ ഡി.വി.എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ. വരുന്ന അദ്ധ്യയന വർഷം വിദ്യാർത്ഥികളുടെ പഠനച്ചെലവ് പൂർണമായും സ്കൂൾ മാനേജ്മെന്റ് ഏറ്റെടുക്കും. 5 മുതൽ 10 വരെ ക്ളാസുകളിലെ എല്ലാ വിദ്യാർത്ഥികൾക്കും യൂണിഫോം, പുസ്തകങ്ങൾ, നോട്ട്ബുക്ക്, പേന, പെൻസിൽ, പെൻസിൽ ബോക്സ് ഉൾപ്പെടെയുള്ളവ സൗജന്യമായി നൽകും.
പത്ത് കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന വിദ്യാർഥികളുടെ സ്‌കൂൾ ബസ് ഫീസ് മാനേജ്‌മെന്റ് നൽകും. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ വിദ്യാർത്ഥികൾക്കും മാസ്കുകൾ നൽകുകയും അണുരഹിത അന്തരീക്ഷമൊരുക്കുകയും ചെയ്യും. ബയോമെട്രിക് പഞ്ചിംഗ് മെഷീനിൽ വിദ്യാർത്ഥികളുടെ കൈവിരൽ പതിക്കുന്നതിന് പകരം ചിപ്പ് ഘടിപ്പിച്ച തിരിച്ചറിയിൽ കാർഡ് നൽകും. എല്ലാ ക്ലാസ് മുറികളിലും സാനിറ്റൈസർ ഉൾപ്പടെയുള്ള സൗകര്യങ്ങളും സാമൂഹിക അകലം പാലിക്കാൻ വിദ്യാർത്ഥികളുടെ ഇരിപ്പിടങ്ങൾ ഒരുക്കാൻ അധികം ഫർണിച്ചറും നല്‍കും. ഇൻഷ്വറൻസ് പരിരക്ഷ അദ്ധ്യാപകർക്കും ഏർപ്പെടുത്തുമെന്ന് മാനേജ്മെന്റ് പ്രതിനിധികൾ അറിയിച്ചു.