129 ലക്ഷത്തിന്റെ നഷ്ടമെന്ന് പ്രാഥമിക കണക്ക്
കൊല്ലം: പെരുമഴ കവർന്നത് ജില്ലയിലെ 539 കുടുംബങ്ങളുടെ വീടുകൾ. ഇതിൽ അഞ്ച് വീടുകൾ പൂർണമായും തകർന്നു. വീടുകൾ തകർന്ന് 129 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. പെരുമഴയ്ക്കൊപ്പമെത്തിയ കാറ്റിൽ മരങ്ങൾ കടപുഴകി വീടുകൾക്ക് മുകളിലേക്ക് പതിച്ചാണ് അപകടങ്ങൾ ഏറെയുണ്ടായത്. വീടുകൾക്കൊപ്പം കന്നുകാലികളെ വളർത്തുന്ന ഷെഡുകൾ, കിണറുകൾ, വാഹനങ്ങൾ, കൃഷി എന്നിവയും നശിച്ചു. അഞ്ച് കിണറുകൾ ഇതുവരെ പൂർണമായും ഇടിഞ്ഞുതാഴ്ന്നു. കാലവർഷം കൂടി എത്തുന്നതോടെ ദുരിതത്തിന്റെ തോത് ഉയരാനാണ് സാദ്ധ്യത. കൊവിഡ് പ്രതിസന്ധിക്കൊപ്പം എത്തിയ പെരുമഴ സാധാരണ ജീവിതങ്ങളെ ദുരിതത്തിലാക്കുകയാണ്. മഴയുടെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടില്ലെങ്കിലും അവശ്യം വന്നാൽ ക്യാമ്പുകളാക്കാൻ കഴിയുന്ന സ്കൂളുകൾ, കെട്ടിടങ്ങൾ എന്നിവ കണ്ടെത്തിവയ്ക്കാൻ റവന്യൂ വിഭാഗം താഴെ തട്ടിലേക്ക് നിർദേശം നൽകിയിട്ടുണ്ട്.
വൈദ്യുതി വകുപ്പിനും നഷ്ടക്കാലം
പെരുമഴയും കാറ്റും വൈദ്യുതി വകുപ്പിന് വരുത്തിയ നഷ്ടവും ചെറുതല്ല. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി തൂണുകൾ, ലൈനുകൾ എന്നിവയുടെ പുറത്തേക്ക് മരങ്ങൾ കടപുഴകി. പല ഭാഗത്തും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ പെരുമഴയിലും പാതിരാവിലും ജീവനക്കാർ ബുദ്ധിമുട്ടി.
കടലോരത്ത് തിരതല്ലി ആശങ്ക
കൊല്ലം, കരുനാഗപ്പള്ളി തീര മേഖലകളിൽ കടലാക്രമണത്തിന്റെ ഭീഷണി ഒഴിഞ്ഞിട്ടില്ല. കാറ്റിനും പെരുമഴയ്ക്കുമൊപ്പം കൂറ്റൻ തിരകൾ തീരത്തേക്ക് അടിച്ച് ഉയരുകയാണ്. കൊല്ലം ഇരവിപുരം ഭാഗത്ത് പുലിമുട്ടുകൾ ഇല്ലാത്തതാണ് തീര ജനതയുടെ ജീവിതത്തെ ദുരിതത്തിലാക്കിയത്. പുലിമുട്ടുകൾ യഥാസമയം പൂർത്തിയാക്കാതെ ജനങ്ങളെ കബളിപ്പിക്കുകയാണ് സർക്കാർ സംവിധാനങ്ങൾ.
മഴയിൽ തകർന്ന വീടുകൾ
1. ഏപ്രിൽ
പൂർണം: വീടുകൾ: 2, നഷ്ടം: 3 ലക്ഷം
ഭാഗികം: വീടുകൾ: 103, നഷ്ടം: 24.34 ലക്ഷം
2. മേയ്
പൂർണം: വീടുകൾ: 3, നഷ്ടം: 10 ലക്ഷം
ഭാഗികം: വീടുകൾ: 431, നഷ്ടം: 91.49 ലക്ഷം
പരപ്പാർ അണക്കെട്ട്
ജലനിരപ്പ്: 99.09 മീറ്റർ
സംഭരണ ശേഷി: 116.2 മീറ്റർ
അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറവ്
കല്ലട കനാലുകളിലൂടെ ജലവിതരണം നടക്കുന്നത് അണക്കെട്ട് നിറയാതെ കാത്തു