സജയന്റെ മതിലിൽ തിളങ്ങുന്നത് ഗുരുദേവനും കൃഷ്ണനും
കൊല്ലം: വീട്ടിലിരിപ്പിന്റെ ബോറടി മാറ്റാൻ സജയൻ കണ്ട മാർഗമാണ് വീടിന്റെ ചുറ്റുമതിലിന് ശില്പഭംഗി പകരൽ. ശീലമില്ലാത്ത പണിയാണെങ്കിലും മികവിന്റെ ശില്പങ്ങളാണ് പൂർത്തിയായതെന്ന് കാഴ്ചക്കാരും വിലയിരുത്തുന്നു. ചവറ കെ.എം.എം.എല്ലിൽ എം.എസ് യൂണിറ്റിന്റെ ചാർജുമാനായ ചവറ ചെറുശേരിഭാഗം സരസിൽ കെ. സജയൻ ലോക് ഡൗണിന്റെ ആദ്യ മൂന്ന് ദിവസം വീട്ടിൽ വെറുതെ ഇരുന്നു. ടി.വി വാർത്തകളും മൊബൈൽ ഫോണും സഹചാരികളായി. പിന്നീട് സാഹിത്യകാരിയായ ഭാര്യ രശ്മിയുമൊത്ത് കൃഷിപ്പണി തുടങ്ങി. പയറും കടുകും മല്ലിയും ചീരയും പ്ലാസ്റ്റിക് പാത്രത്തിലും ചട്ടികളിലുമൊക്കെയായി നട്ടു. പിന്നെയാണ് ശില്പ നിർമ്മാണം പരീക്ഷിച്ചത്. ആറുവർഷം മുൻപ് കൃഷ്ണശില്പം നിർമ്മിച്ചതിന്റെ ആത്മവിശ്വാസം കൈമുതലായുണ്ടായിരുന്നു. നിർമ്മാണം തുടങ്ങിയതോടെ സമയം തികയുന്നില്ലെന്നായി.
കൃഷ്ണനും രാധയും പിന്നെ ഗുരുദേവനും
കൃഷ്ണശില്പമാണ് ആദ്യം നിർമ്മിച്ചത്. കൃഷ്ണന്റെയും രാധയുടെയും ചിത്രം ചോക്കുകൊണ്ട് മതിലിൽ വരച്ചു. വരച്ചതിന് മുകളിൽ സിമന്റും മണലും ചേർത്ത് ഒട്ടിച്ചെടുത്തു. പിന്നീട് രൂപഭംഗി വരുത്തി. നിറം കൊടുക്കേണ്ട ഘട്ടമെത്തിയപ്പോൾ പെയിന്റ് കട തുറക്കില്ലെന്നറിഞ്ഞു. മറ്റൊരു ശില്പം കൂടി നിർമ്മിക്കാൻ തീരുമാനിച്ചു. മനസിൽ ഓടിവന്നത് ശ്രീനാരായണ ഗുരുദേവന്റെ മുഖമാണ്. ദിവസങ്ങൾക്കുള്ളിൽ ഗുരുദേവന്റെ ചൈതന്യമാർന്ന മുഖം മതിലിൽ തെളിഞ്ഞു. ചട്ടമ്പി സ്വാമിയുടെ ശില്പംകൂടി നിർമ്മിക്കാനൊരുങ്ങിയപ്പോഴേക്കും കെ.എം.എം.എൽ കമ്പനിയിൽ നിന്ന് ജോലിക്കെത്താൻ വിളിയെത്തി. ലോക് ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവ് നൽകിയപ്പോൾ പെയിന്റ് വാങ്ങി ശില്പങ്ങൾക്ക് നിറം നൽകി. അവസാന വർഷ ബി.ടെക് വിദ്യാർത്ഥിനിയും നർത്തകിയുമായ മകൾ ഗോപിക ആർ.സജയനും രണ്ടാം വർഷ ബി.ടെക് വിദ്യാർത്ഥിയും ഡ്രംസ് പ്ളെയറുമായ മകൻ ആർ.എസ്.ഗോവിന്ദും അച്ഛന്റെ ശില്പ നിർമ്മാണത്തിന് വലിയ പ്രോത്സാഹനമാണ് നൽകുന്നത്.