കൊല്ലം: ഗൃഹ നിരീക്ഷണം ലംഘിച്ച് കാഴ്‌ച കാണാൻ പുറത്തിറങ്ങിയ ഓച്ചിറ സ്വദേശിയെ പിടികൂടി സർക്കാർ നിരീക്ഷണ കേന്ദ്രത്തിലാക്കി. ബംഗളൂരുവിൽ നിന്നെത്തിയ അഴീക്കൽ പറയിടത്ത് വീട്ടിൽ പ്രഭു ചക്രവർത്തിയാണ് (23) നിർദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങിയത്. ഇദ്ദേഹത്തിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത ശേഷം ആംബുലൻസിൽ വള്ളിക്കാവിലെ സർക്കാർ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. വിദേശ രാജ്യങ്ങൾ, അയൽ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നെത്തിയവർ ഗൃഹ നിരീക്ഷണത്തിലും സർക്കാർ നിരീക്ഷണ കേന്ദ്രങ്ങളിലും കഴിയുന്നുണ്ടെന്ന് ഉറപ്പാക്കാൻ കർശന പൊലീസ് ഇടപെടലാണ് നടത്തുന്നത്. ഗൃഹ നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകൾക്ക് ചുറ്റും ബൈക്ക് പട്രോളിംഗ് ഉൾപ്പെടെ നടത്തുന്നുണ്ട്. ഗൃഹ നിരീക്ഷണം അവഗണിക്കുന്നവരെ പിടികൂടി സർക്കാർ നിരീക്ഷണ കേന്ദ്രത്തിലാക്കും.