കൊല്ലം: ജില്ലയിൽ ഇന്നലെ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മുംബയിൽ നിന്ന് മടങ്ങിയെത്തിയ വെട്ടിക്കവല തലച്ചിറ സ്വദേശിയായ 54 കാരനാണ് രോഗം സ്ഥിരീകരിച്ചത്. 19ന് ട്രെയിനിലെത്തിയ മദ്ധ്യവയസ്കൻ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. കൊവിഡ് ബാധ കണ്ടെത്താൻ വിവിധ വിഭാഗങ്ങൾക്കിടയിൽ റാൻഡം സർവേ മാതൃകയിൽ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഇദ്ദേഹത്തെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ പത്ത് കൊല്ലം സ്വദേശികളാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതിൽ 9 പേരും ലോക്ക് ഡൗണിൽ ഇളവ് അനുവദിച്ചതിന്റെ ഭാഗമായി മറ്റ് സ്ഥലങ്ങളിൽ നിന്ന് മടങ്ങിയെത്തിയവരാണ്.