ഓയൂർ: പ്രസവം കഴിഞ്ഞ് അഞ്ചാം നാൾ ശ്വാസം മുട്ടലിനെ തുടർന്ന് യുവതി മരിച്ചു. എഴുകോൺ ഇരുമ്പനങ്ങാട് കോട്ടായിക്കോണം രാജ് ഭവനിൽ രാജന്റെ ഭാര്യ സതിയാണ് (34) മരിച്ചത്. 16ന് കൊല്ലം ഗവ. വിക്ടോറിയ ആശുപത്രിയിലായിരുന്നു പ്രസവം. 18ന് വീട്ടിലെത്തിയ ഇവർക്ക് ചെറിയ പനി ഉണ്ടായിരുന്നു. 21ന് വൈകിട്ട് 4 ഓടെ പനി വർദ്ധിച്ച് ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ചു. ആരോഗ്യ നില വഷളായതിനാൽ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിച്ചു. കൊവിഡ് മുൻകരുതലുകൾ ഉള്ളതിനാൽ സ്രവം പരിശോധനയ്ക്ക് ശേഖരിച്ചിട്ടുണ്ട്. ന്യുമോണിയയാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. പൂയപ്പള്ളി പൊലീസ് മേൽനടപടി സ്വീകരിച്ചു. സതിയുടെ അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.