കൊല്ലം: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ അന്യസംസ്ഥാനക്കാതെ നാട്ടിലെത്തിക്കാനുള്ള കൊല്ലത്ത് നിന്നുള്ള ആദ്യ ട്രെയിൻ ഇന്നലെ യാത്ര പുറപ്പെട്ടു. 1,440 പശ്ചിമ ബംഗാൾ സ്വദേശികളുമായി നോൺ സ്റ്റോപ്പ് ട്രെയിൻ കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇന്നലെ രാത്രി പത്തോടെയാണ് യാത്ര തിരിച്ചത്.
കൊല്ലം നഗരത്തിലെ വിവിധ പ്രദേശങ്ങൾ, കരുനാഗപ്പള്ളി, കൊട്ടാരക്കര, ചടയമംഗലം, പുനലൂർ, പത്തനാപുരം, ചാത്തന്നൂട എന്നിവിടങ്ങളിൽ നിന്ന് 44 കെ.എസ്.ആർ.ടി.സി ബസുകളിലാണ് പശ്ചിമബംഗാൾ സ്വദേശികളായ തൊഴിലാളികളെ കൊല്ലം റെയിൽവേ സ്റ്റേഷനിലെത്തിച്ചത്. സ്ഥലത്തുണ്ടായിരുന്ന പൊലീസ്, തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ സംയുക്തമായി കോച്ചുകളും സീറ്റുകളും സംബന്ധിച്ച വിവരങ്ങൾ കൈമാറി. ഇതിന് ശേഷം ചപ്പാത്തിയും വെജിറ്റബിൾ കറിയും ബ്രഡും കുടിവെള്ളവും അടങ്ങിയ കിറ്റ് കൈമാറി. ക്യാമ്പുകളിൽ വച്ച് ആരോഗ്യ പരിശോധന നടത്തിയ ശേഷമാണ് പശ്ചിമബംഗാളിലേക്കുള്ള ആദ്യ ട്രെയിനിലെ യാത്രക്കാരെ തിരഞ്ഞെടുത്തത്. കെ.എസ്.ആർ.ടി.സി യാത്രയ്ക്കൊപ്പം ട്രെയിൻ ടിക്കറ്റും സൗജന്യമാണ്. നാളെ രാവിലെ 11ന് ട്രെയിൻ പശ്ചിമബംഗാളിലെത്തും.
തൊഴിൽ വകുപ്പിന്റെ കണക്ക് പ്രകാരം 19,000 അന്യസംസ്ഥാന തൊഴിലാളികൾ ജില്ലയിലെ വിവിധ തൊഴിലാളി ക്യാമ്പുകളിൽ കഴിയുന്നുണ്ട്. വകുപ്പ് നേരത്തെ നടത്തിയ കണക്കെടുപ്പിൽ ഇതിൽ പതിനായിരത്തോളം പേർ സ്വന്തം നാട്ടിലേക്ക് പോകാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതിലേറെയും പശ്ചിമ ബംഗാളുകാരാണ്. കൊല്ലത്തുള്ള പശ്ചിമബംഗാളുകാരെ നാട്ടിലെത്തിക്കാൻ കുറഞ്ഞത് മൂന്ന് സർവീസെങ്കിലും ഇനിയും വേണ്ടിവരും. കൊല്ലത്തുള്ള മണിപ്പൂർ, ഉത്തരാഖണഡ്, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളവരെ തിരുവനന്തപുരത്ത് നിന്ന് ഇന്ന് പുറപ്പെടുന്ന സ്പെഷ്യൽ ട്രെയിനിൽ യാത്രയാക്കും.
രാജസ്ഥാനിലേക്ക് 23 പേർ
കൊല്ലത്ത് കഴിഞ്ഞിരുന്ന രാജസ്ഥാൻ സ്വദേശികളായ 23 പേരെ ഇന്നലെ തിരുവനന്തപുരത്ത് നിന്നുള്ള സ്പെഷ്യൽ ട്രെയിനിൽ യാത്രയാക്കി. കൊല്ലത്ത് നിന്ന് കെ.എസ്.ആർ.ടി.സി ബസിലാണ് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ എത്തിച്ചത്.