കൊല്ലം: ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ഓൺലൈനിൽ വിളിച്ചുചേർത്ത പ്രതിപക്ഷ പാർട്ടികളുടെ സൂം യോഗത്തിൽ 22 പാർട്ടി പ്രതിനിധികൾ പങ്കെടുത്തു. കേരളത്തിൽ നിന്ന് എൻ.കെ. പ്രേമചന്ദ്രനെ കൂടാതെ പി.കെ. കുഞ്ഞാലിക്കുട്ടി,, ജോസ്.കെ. മാണി എന്നീ എം.പി മാരും കോൺഗ്രസ് നേതാക്കളായ എ.കെ. ആന്റണി, കെ.സി. വേണുഗോപാൽ എന്നിവരും പങ്കെടുത്തു.
ലോക്ക്ഡൗണിന്റെ മറവിൽ കേന്ദ്ര സർക്കാർ അമിതാധികാര വിനിയോഗമാണ് നിർവഹിക്കുന്നതെന്ന് ചർച്ചയിൽ പങ്കെടുത്ത പ്രേമചന്ദ്രൻ പറഞ്ഞു. ഏകപക്ഷീയമായി പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണിനെ തുടർന്ന് ജനങ്ങളുടെ മൗലികാവകാശങ്ങളും പൗരാവകാശങ്ങളും തൊഴിലവകാശങ്ങളും നിഷേധിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. കൊവിഡ് ബാധയുടെ മറവിൽ തൊഴിൽ നിയമങ്ങൾ അപ്രസക്തമാക്കുകയും സമ്പൂർണ സ്വകാര്യവത്കരണ നയം പ്രാവർത്തികമാക്കുകയും ചെയ്യുന്ന നടപടി നീതീകരിക്കാവുന്നതല്ലെന്നും പ്രേമചന്ദ്രൻ പറഞ്ഞു. അടിയന്തര പ്രാധാന്യമുളള വിഷയങ്ങൾ ചർച്ച ചെയ്യാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചു ചേർക്കണമെന്നും പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധി, ഗുലാംനബി ആസാദ്, മമതാ ബാനർജി, സീതാറാം യച്ചൂരി, ഡി. രാജ, ശരത്പവാർ, ഉദ്ധവ് താക്കറെ, എം.കെ. സ്റ്റാലിൻ, എച്ച്.ഡി. ദേവഗൗഡ തുടങ്ങി നിരവധി പ്രമുഖ നേതാക്കൾ സംസാരിച്ചു.