കൊല്ലം: മഴക്കാലമെത്തിയതോടെ കോർപ്പറേഷൻ അധികൃതരുടെ ഉദാസീനതയിൽ വലഞ്ഞ് തീരദേശ റോഡിന് സമീപത്തെ കല്ലേലിവയൽ പുരയിടം - ഫിഷർമെൻ കോളനി ഭാഗങ്ങളിലെ താമസക്കാർ. ചെറിയ മഴ പെയ്താൽ പോലും ഇവിടെ മുഴുവൻ വെള്ളക്കെട്ടാവുന്ന അവസ്ഥയാണ്. സെപ്ടിക് ടാങ്ക് മാലിന്യം ഉൾപ്പടെ ഓടയിലൂടെ ഒഴുകി പ്രദേശമാകെ പരക്കുകയാണ്. വഴിയിലൂടെ മലിന ജലമൊഴുകുന്നതിനാൽ കാൽനട യാത്രപോലും പ്രയാസകരമാണെന്ന് നാട്ടുകാർ പറയുന്നു.
ആൽത്തറമൂട് പൊലീസ് ക്വാർട്ടേഴ്സിന് സമീപത്ത് നിന്ന് തുടങ്ങി തോട്ടുമുഖം കാളാഞ്ചഴികം വഴി കല്ലേലിവയൽ പുരയിടം ഭാഗത്തെത്തുന്ന ഓട വർഷങ്ങളായി നികന്നു കിടക്കുകയാണ്. ഇവിടുത്തെ ദുരിതങ്ങൾ ചൂണ്ടിക്കാട്ടി 2018 ആഗസ്റ്റ് 9ന് 'ഇവിടെ ജനങ്ങൾക്ക് ദുരിത ജീവിതം' എന്ന തലക്കെട്ടിൽ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. എന്നിട്ടും അധികൃതർ തിരിഞ്ഞുനോക്കാതെ വന്നതോടെ സെപ്തംബർ 18ന് ' കല്ലേലിവയൽ പുരയിടം- ഫിഷർമെൻ കോളനിയിൽ മഴ മാറിയിട്ടും ദുരിതമകലുന്നില്ല' എന്ന തലക്കെട്ടോടെ തുടർവാർത്തയും പ്രസിദ്ധീകരിച്ചു.
കൊവിഡും ഡങ്കിയും വ്യാപകമാകുമ്പോഴും അധികൃതർ തിരിഞ്ഞുനോക്കുന്നില്ല
75,000 രൂപ ചെലവിട്ട് ഓട തെളിച്ച് 2 വർഷം പിന്നിട്ടിട്ടും കല്ലേലിവയൽ പുരയിടം - ഫിഷർമെൻ കോളനിയിലെ ദുരിതം അതേപടി തുടരുകയാണ്. ഇപ്പോൾ ഓട വീണ്ടും നികന്നതോടെ ദുരിതം ഇരട്ടിയായി. ഓടയിലേക്കാണ് പല വീടുകളുടെയും സെപ്ടിക് ടാങ്ക് തുറന്ന് വിട്ടിട്ടുള്ളത്. ഇതുമൂലം മലിന ജലം മേൽമൂടിക്ക് മുകളിലൂടെ പരന്നൊഴുകുകയാണ്. കൊവിഡും ഡങ്കിയും വ്യാപകമാകുമ്പോഴും ഈ മലിനജലത്തിൽക്കൂടിയാണ് പ്രദേശവാസികൾ നടക്കുന്നത്. കിണറുകളിലും മലിനജലമാണ്. കുടിവെള്ള വിതരണം കൃത്യമായി നടക്കുന്നുമില്ല. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ഓടയുടെ സമ്പൂർണ നവീകരണം നടത്തുമെന്ന പ്രഖ്യാപനവും വെറുതെയായി.
75,000 രൂപ ചെലവിട്ട് ഓട തെളിച്ചു:
മേൽമൂടി സ്ഥാപിച്ചില്ല
കേരള കൗമുദി വാർത്തകളുടെ അടിസ്ഥാനത്തിൽ 2018ൽ കൗൺസിലർ ഷീബാ ആന്റണി സ്ഥലത്തെത്തുകയും അടിയന്തര പരിഹാരമുണ്ടാക്കുമെന്ന് നാട്ടുകാർക്ക് ഉറപ്പ് നൽകുകയും ചെയ്തു. ശുചിത്വ മിഷനിൽ നിന്നനുവദിച്ച 75,000 രൂപ ഉപയോഗിച്ച് 2018 ഒക്ടോബറിൽ ഓട തെളിക്കൽ ജോലികൾ നടത്തി. എന്നാൽ ഓടയുടെ മേൽമൂടി മാറ്റി ചില്ലറ അറ്റകുറ്റപ്പണി മാത്രമാണ് അന്ന് നടത്തിയത്. ഓടയുടെ ആഴവും വിസ്തൃതിയും കൂട്ടുകയും സുരക്ഷിതമായ മേൽമൂടി സ്ഥാപിക്കുകയും വേണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതർ ചെവിക്കൊണ്ടില്ല.