പത്തനാപുരം: ഇടക്കടവ് പാലത്തിൽ നിന്ന് കല്ലടയാറ്റിൽ ചാടിയ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി. ചെളിക്കുഴി ആഷ് ഭവനിൽ മനോഹരന്റെ (57) മൃതദേഹമാണ് ഇന്നലെ രാവിലെ പത്തരയോടെ ആറാട്ടുപുഴ പാലത്തിന് സമീപം കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ എട്ടരയോടെ വീട്ടിൽ നിന്നിറങ്ങിയ മനോഹരനെ കടുവാത്തോട് ജംഗ്ഷനിൽ ആളുകൾ കണ്ടിരുന്നു. തുടർന്ന് ഇടക്കടവ് പാലത്തിന് സമീപത്തേക്ക് പോയ ഇയാൾ പാലത്തിൽനിന്ന് കല്ലടയാറ്റിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അഗ്നിശമന സേനയുടെയും സ്കൂബാ ടീമിന്റെയും നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു. എന്നാൽ മഴയും ശക്തമായ അടിയൊഴുക്കും രക്ഷാപ്രവർത്തനങ്ങളെ ബാധിച്ചു. ഇന്നലെ നാട്ടുകാരുടെ നേതൃത്വത്തിൽ വീണ്ടും തെരച്ചിൽ നടത്തവെ പ്രദേശവാസികളിലൊരാളാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് പത്തനാപുരം പൊലീസെത്തി മൃതദേഹം കരയ്ക്കെത്തിച്ചു. ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം പോസ്റ്റ് മോർട്ടത്തിനയച്ചു. അനിതയാണ് ഭാര്യ. ആഷ്ലിൻ, അനന്തു എന്നിവരാണ് മക്കൾ.