
യാത്രകളെ ഇഷ്ടപ്പെടുന്നവർക്ക് ലോക്ക് ഡൗൺ കാലം അതിജീവിക്കുക എന്നത് വളരെയധികം പ്രയാസകരമായ കാര്യമാണ്. ആ വിരസതകളെ മറികടക്കാൻ ഒരു സഞ്ചാരപ്രേമി കണ്ടെത്തിയ മാർഗം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. സഞ്ചാരപ്രേമികളൊക്കെ മിക്കപ്പോഴും നല്ല ഫോട്ടോഗ്രാഫർകൂടിയായിരിക്കും.അങ്ങനെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഫോട്ടോഷൂട്ടാണ് ഏവരിലും കൗതുകമുണർത്തുന്നത്.
ഭക്ഷണസാധനങ്ങള്‍ ഭംഗിയായി ഒരുക്കി വച്ച്, വിവിധ പശ്ചാത്തലങ്ങള്‍ സൃഷ്ടിച്ച് അതിനിടയില്‍ മനുഷ്യരൂപങ്ങള്‍ വച്ചാണ് എറിന്‍ സുളിവന്‍ എന്ന ട്രാവൽ ബ്ളോഗർ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. ബ്രൊക്കോളി കൊണ്ട് ഒരു കാടും, സവാള കൊണ്ട് ഐസുറഞ്ഞ് കിടക്കുന്ന തടാകവും റോസ്‌മേരി ചെടി കൊണ്ട് മഞ്ഞ് മൂടിയ വിജനമായ സ്ഥലവുമെല്ലാം എറിന്‍ അതിമനോഹരമായി ഒരുക്കിയിരിക്കുന്നു. ഓരോ ചിത്രത്തിന്റെയും കൂട്ടത്തില്‍ അത് ഒരുക്കിയത് എങ്ങനെയെന്ന് വ്യക്തമാക്കുന്ന 'ബിഹൈന്‍ഡ് ദ് കാമറ'ചിത്രങ്ങളും എറിന്‍ പങ്കുവച്ചിട്ടുണ്ട്.എല്ലാം വീട്ടിനകത്ത് മുറിക്കുള്ളില്‍ വച്ച് തന്നെയാണ് തയ്യാറാക്കിയിരിക്കുന്നത്. സ്റ്റൂളിന് മുകളിലും കട്ടിലില്‍ വച്ചും കട്ടിംഗ് ബോര്‍ഡില്‍ വച്ചുമെല്ലാമാണ് നമ്മുടെ സങ്കല്‍പത്തില്‍ കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന ഈ മനോഹരസ്ഥലങ്ങളെല്ലാം സൃഷ്ടിച്ചിരിക്കുന്നത്. എറിന്റെ വ്യത്യസ്തമായ ഈ ചിന്തയ്ക്ക് അഭിനന്ദനമറിയിച്ച് ഏറെ പേര്‍ പ്രതികരിക്കുകയും ചെയ്തു.