കൊല്ലം: അക്ഷരങ്ങളും കുട്ടികളുമായി ചങ്ങാത്തം കൂടിയ റിട്ട.അദ്ധ്യാപക ദമ്പതികൾ നാടിന്റെ കണ്ണീരൊപ്പാൻ വീണ്ടുമെത്തി. കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത് അഞ്ച് ലക്ഷം രൂപ. കൊട്ടാരക്കര തൃക്കണ്ണമംഗൽ ചക്കാലയിൽ പി.വൈ.പാപ്പച്ചനും ഭാര്യ തങ്കമ്മയുമാണ് തങ്ങളുടെ ഒരു വർഷത്തെ പെൻഷൻ തുക സർക്കാരിന് മുന്നിൽ സമർപ്പിച്ചത്.
ഓടനാവട്ടം ഗവ.എൽ.പി സ്കൂളിലെ പ്രഥമാദ്ധ്യാപികയായിരുന്നു തങ്കമ്മ. കായില എസ്.കെ.വി.യു.പി സ്കൂൾ അദ്ധ്യാപകനായിരുന്നു പാപ്പച്ചൻ. രാജ്യസേവനത്തിനായി സൈന്യത്തിൽ ജോലി ചെയ്തശേഷമാണ് പാപ്പച്ചൻ അക്ഷരകൂടാരത്തിലെത്തിയത്. കുട്ടികളെ പഠിപ്പിക്കുമ്പോഴും വിഷയങ്ങൾക്കപ്പുറം സഹജീവി സ്നേഹത്തിന്റെ പാഠങ്ങൾ ഇരുവരും പറഞ്ഞുകൊടുക്കാറുണ്ട്. വിശന്നിരിക്കുന്ന കുട്ടികൾക്ക് ഭക്ഷണപ്പൊതികൾ നൽകിയും വീട്ടിലെ ദു:ഖങ്ങളിൽ സഹായങ്ങൾ ചെയ്തുമൊക്കെ അന്നേ മാതൃക കാട്ടിയവർ വിരമിച്ച ശേഷവും സ്നേഹ സഹായങ്ങൾ നൽകുന്നതിൽ ലുബ്ധത കാട്ടിയില്ല. 2018ലെ പ്രളയമുണ്ടായപ്പോഴും മക്കളും മരുമക്കളുമായി ആലോചിച്ച് അഞ്ച് ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു.
ഇത്തവണയും ടി.വി വാർത്തകൾ കണ്ട് കൊവിഡിന്റെ ഭീകരതാണ്ഡവം ബോദ്ധ്യപ്പെട്ടു. ഒരു വർഷത്തെ പെൻഷൻ തുക സംഭാവന നൽകാൻ തീരുമാനമെടുത്തപ്പോൾ കുടുംബം ഒന്നടങ്കം അതിന് പ്രോത്സാഹനം നൽകി. ഇന്നലെ കൊട്ടാരക്കര മിനി സിവിൽസ്റ്റേഷനിൽ നടന്ന ചെറിയ ചടങ്ങിൽ മന്ത്രി കെ. രാജു തുക ഏറ്റുവാങ്ങി. കേരള ഫീഡ്സ് ചെയർമാൻ കെ.എസ്.ഇന്ദുശേഖരൻ നായർ, കൊട്ടാരക്കര നഗരസഭ വൈസ് ചെയർമാൻ ഡി.രാമകൃഷ്ണപിള്ള, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.