covid-19

കൊല്ലം: പഞ്ചായത്ത് പ്രസിഡന്റ് ക്വാറന്റൈനിൽ പോയപ്പോൾ വൈസ് പ്രസിഡന്റ് കാര്യക്കാരനായി. താനറിയാതെ ചുമതല കൈമാറിയതിൽ പ്രസിഡന്റ് കട്ട കലിപ്പിൽ. കല്ലുവാതുക്കൽ പഞ്ചായത്തിലാണ് നാടകീയ സംഭവങ്ങൾ. സി.പി.ഐയുടെ പ്രതിനിധിയാണ് പഞ്ചായത്ത് പ്രസിഡന്റ് സിന്ധു. കൊവി‌ഡുമായി ബന്ധപ്പെട്ട് വീട്ടിൽ ക്വാറന്റൈനിലായ സമയത്താണ് സി.പി.എമ്മിന്റെ വൈസ് പ്രസിഡന്റ് ഷിബുവിന് ചുമതല കൈമാറിക്കാെണ്ട് പഞ്ചായത്ത് സെക്രട്ടറി കഴിഞ്ഞ 20ന് ഉത്തരവിറക്കിയത്.

കഴിഞ്ഞ 17ന് ആണ് കൊവിഡ് ബാധിതയായ ഇത്തിക്കര ബ്ലോക്ക് അംഗത്തിന്റെ സമ്പർക്ക പട്ടികയിൽ പ്രസിഡന്റ് സിന്ധു ഉൾപ്പെട്ടത്. തുടർന്ന് ഇവർ ക്വാറന്റൈനിലായിരുന്നു. തന്നെ അറിയിക്കാതെയും കമ്മിറ്റി കൂടാതെയുമാണ് ചുമതല കൈമാറിയതെന്ന് പ്രസിഡന്റ് സിന്ധു അറിയിച്ചു. ഏകപക്ഷീയമായ പഞ്ചായത്ത് സെക്രട്ടറിയുടെ തീരുമാനത്തിനെതിരെ വകുപ്പ് മന്ത്രി, ചാത്തന്നൂർ എം.എൽ.എ,പഞ്ചായത്ത് ‌ഡയറക്ടർ എന്നിവർക്ക് പരാതി നൽകി.