പരവൂർ: അമ്മാരത്തുമുക്ക് - കൂനംകുളം - പോളച്ചിറ റോഡ് തകർന്ന് വെള്ളക്കെട്ടായതോടെ ഇതുവഴിയുള്ള യാത്ര ജനങ്ങൾക്ക് ദുരിതമാകുന്നു. ഇരുചക്രവാഹനങ്ങൾ വെള്ളക്കെട്ടിൽ വീഴുന്നത് പതിവാകുകയാണ്.
റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഡിസംബറിൽ ഇരുവശവും കുഴിയെടുത്ത് മെറ്റലും പാറപ്പൊടിയും നിരത്തിയിരുന്നു. എന്നാൽ മഴ ആരംഭിച്ചതോടെ പാറപ്പൊടി പൂർണമായും ഒലിച്ചുപോകുകയും മെറ്റലുകൾ ഇളകി റോഡിൽ ചിതറികിടക്കുകയുമാണ്.
പോളച്ചിറ ഏലായ്ക്ക് സമീപം പ്രവർത്തിക്കുന്ന ക്രഷർ യൂണിറ്റുകളിലേക്ക് പാറയുമായിപ്പോകുന്ന വലിയ ലോറികൾ കൂടി ഓടിത്തുടങ്ങുന്നതോടെ റോഡിന്റെ അവസ്ഥ ഇതിലും മോശമാകും.
റോഡിന്റെ പണി എത്രയും വേഗം പൂർത്തീകരിക്കണമെന്ന് കോൺഗ്രസ് (ഐ) കൂനംകുളം വാർഡ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് ആർ. രതീഷ് അദ്ധ്യക്ഷത വഹിച്ചു. സുകുമാരൻ, സുദർശനൻ, സുനി പരശിന്റെമൂട്, നിശാന്ത്, ഗോപിനാഥൻപിള്ള, ശരത് രവി, സുരാജ്, രവീന്ദ്രൻ, മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു.