thozhil

 പശ്ചിമബംഗാളിലേക്ക് അടുത്തയാഴ്ച വീണ്ടും ട്രെയിൻ

കൊല്ലം: കൊല്ലത്തുള്ള അന്യസംസ്ഥാന തൊഴിലാളികളുമായി അടുത്ത നോൺ സ്റ്റോപ്പ് ട്രെയിൻ ജൂൺ 1ന് പശ്ചിമബംഗാളിലേക്ക് തിരിക്കും. വെള്ളിയാഴ്ച കൊല്ലത്ത് നിന്നുപോയ ട്രെയിനിലേത് പോലെ 1,400 തൊഴിലാളികളുമായാകും യാത്ര.

നേരത്തെ സ്വന്തം ദേശത്തേക്ക് പോകാൻ താൽപര്യം അറിയിച്ചിട്ടുള്ളവരിൽ അടുത്ത ട്രെയിനിൽ പോകാൻ സന്നദ്ധരായുള്ളവരുടെ രജിസ്ട്രേഷൻ തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കും. അന്യസംസ്ഥാന ക്യാമ്പുകളിൽ വച്ച് തന്നെ വൈദ്യ പരിശോധനയും നടത്തും. ഏതെങ്കിലും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ യാത്രയിൽ നിന്ന് ഒഴിവാക്കും.

ഇനി രണ്ട് സ്പെഷ്യൽ ട്രെയിൻ കൂടി അനുവദിച്ചാലെ ജില്ലയിലെ പശ്ചിമബംഗാൾ സ്വദേശികളായ തൊഴിലാളികളെ പൂർണമായും നാട്ടിലെത്തിക്കാനാകൂ. ഏകദേശം പതിനായിരത്തോളം അന്യസംസ്ഥാന തൊഴിലാളികളാണ് ജില്ലയിൽ നാട്ടിലേക്ക് മടങ്ങാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. ഇതിൽ 1300 പേർ അസാമുകാരാണ്. ഇവരെ നാട്ടിലെത്തിക്കാനുള്ള ട്രെയിനിന്റെ കാര്യത്തിൽ ഇതുവരെ ധാരണയായിട്ടില്ല. മണിപ്പൂർ, ഉത്തരാഖാണ്ഡ്, സിക്കിം സ്വദേശികളായ 45 പേരെ ഇന്നലെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിനിൽ യാത്രയാക്കി.

ജില്ലയിലെ അന്യസംസ്ഥാനക്കാർ

പോകാൻ സന്നദ്ധരായവർ: 10,​000

അസാം സ്വദേശികൾ: 1,​300

ആകെയുള്ളവർ: 19,​000

കഴിഞ്ഞ ദിവസം മടങ്ങിയത്: 1,​400 പേർ

അടുത്ത ട്രെയിൻ: ജൂൺ 1ന്