ട്രാൻ. ബസിൽ അന്യജില്ലകളിലേക്കുള്ള യാത്ര പെടാപ്പാട്
കൊല്ലം: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജില്ലകൾക്ക് പുറത്തേക്കും കെ.എസ്.ആർ.ടി.സി ബസുകളുടെ സർവീസ് നീട്ടണമെന്ന ആവശ്യവുമായി യാത്രക്കാർ. ജില്ലകൾക്ക് ഉള്ളിലാണ് കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തുന്നത്. ജില്ലാ അതിർത്തികൾക്ക് മുൻപുള്ള പ്രധാന സ്റ്റോപ്പിൽ യാത്ര അവസാനിപ്പിച്ച് തിരികെ മടങ്ങുന്നതാണ് ഇപ്പോഴത്തെ രീതി.
പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ നിന്ന് നിരവധി പേരാണ് കൊല്ലം നഗരത്തിലെ ഉൾപ്പെടെ സർക്കാർ - സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നത്. അയൽ ജില്ലകളിൽ ജോലി ചെയ്യുന്ന എണ്ണമറ്റ കൊല്ലം ജില്ലക്കാരുമുണ്ട്. ബസുകൾ ജില്ല കടന്ന് പോകാത്തിനാൽ ജില്ലാ അതിർത്തിക്ക് മുൻപുള്ള സ്റ്റോപ്പിൽ ഇറങ്ങി ആട്ടോയോ ടാക്‌സിയോ പിടിച്ച് ജില്ലകടന്ന് അപ്പുറത്തെത്തി വീണ്ടും ബസ് കയറേണ്ട സ്ഥിതിയാണ്.
കെ.എസ്.ആർ.ടി.സി സർവീസ് പുനരാരംഭിച്ചെങ്കിലും അതിന്റെ പ്രയോജനം ജില്ലയിലെ വലിയൊരു വിഭാഗം ജനങ്ങൾക്കും പ്രദേശങ്ങൾക്കും ലഭിക്കുന്നില്ല. ബസുകൾ എത്താത്ത കൂടുതൽ മേഖലകളിലേക്ക് സർവീസ് എത്തിക്കാൻ കഴിഞ്ഞാൽ ജനങ്ങളുടെ പ്രയോജനത്തിനൊപ്പം വരുമാന വർദ്ധനവും ഉണ്ടാകും.
സ്വകാര്യ ബസുകളെയും അനുവദിക്കണം
പത്തനംതിട്ട - ചവറ, അടൂർ- കരുനാഗപ്പള്ളി, വർക്കല - ഭരണിക്കാവ്, വർക്കല - കൊല്ലം തുടങ്ങി ജില്ലകളെ ബന്ധിപ്പിച്ച് സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസുകളും ഏറെയാണ്. സ്വകാര്യ ബസുകൾക്കും ജില്ലകൾക്ക് പുറത്തേക്ക് പോകാൻ നിയന്ത്രണങ്ങളോടെ അനുമതി നൽകണം.
യാത്രാ വഴി ഇങ്ങനെ
1. കൊല്ലം - പത്തനംതിട്ട വേണാട് ചെയിൻ സർവീസിന്റെ കൊല്ലം ഡിപ്പോയിൽ നിന്നുള്ള ബസുകൾ ഭരണിക്കാവിൽ യാത്ര അവസാനിപ്പിക്കും. പത്തനംതിട്ട ഡിപ്പോയിൽ നിന്നുള്ള ബസുകൾ കടമ്പനാട് വരെ വന്ന് തിരികെ പോകും. ഭരണിക്കാവിൽ നിന്ന് കടമ്പനാട്ട് എത്താൻ ഏഴ് കിലോമീറ്റർ താണ്ടണം
2. കൊല്ലത്ത് നിന്ന് അഞ്ചാലുംമൂട് വഴി ചെങ്ങന്നൂരിലേക്കുള്ള ചെയിൻ സർവീസും ഭരണിക്കാവിൽ യാത്ര അവസാനിപ്പിച്ച് മടങ്ങും
3. ഓച്ചിറ - പാരിപ്പള്ളി ദേശീയപാതയിലെ ബസുകൾ ജില്ലാ അതിർത്തിയായ ഓച്ചിറ വരെ എത്തുന്നുണ്ട്. പക്ഷേ ആലപ്പുഴ ജില്ലയിലെ ബസുകൾ മുക്കടയിലെത്തി തിരികെ പോകും. ഓച്ചിറയിൽ നിന്ന് മുക്കടയിലേക്ക് ഒരു കിലോമീറ്രറിലേറെ ദൂരമുണ്ട്
4. കൊല്ലത്തെ ബസുകൾ എം.സി റോഡിൽ അതിർത്തിയായ ഏനാത്ത പാലം വരെ പോകാറുണ്ട്. പക്ഷേ പത്തനംതിട്ടയിലെ ബസുകൾ ഏനാത്ത് വന്നില്ലെങ്കിൽ കൊല്ലം, കൊട്ടാരക്കര ഭാഗത്ത് നിന്ന് പത്തനംതിട്ടയിലും കോട്ടയത്തും എത്തേണ്ടവർ പെരുവഴിയിലാകും
5. എം.സി റോഡിൽ തെക്കോട്ട് പോയാൽ ബസുകൾ നിലമേൽ വരെ എത്തും. പക്ഷേ ജില്ലാ അതിർത്തി കടന്ന് കിളിമാനൂരിലെത്തണമെങ്കിൽ പിന്നെയും ദൂരം താണ്ടണം
6. ഓച്ചിറ - പാരിപ്പള്ളി ദേശീയപാതയിൽ ബസുകൾ ചാത്തന്നൂർ വരെയാണ് ഇപ്പോൾ ഓടുന്നത്. തിരുവനന്തപുരത്തെ ബസുകൾ കല്ലമ്പത്ത് വന്ന് തിരികെ പോകണം. ചാത്തന്നൂരിൽ നിന്ന് കല്ലമ്പലത്ത്
എത്തണമെങ്കിൽ പത്ത് കിലോമീറ്ററിലേറെ ദൂരമുണ്ട്
7. പുനലൂരിൽ നിന്ന് പത്തനംതിട്ടക്കുള്ള ബസുകൾ പത്തനാപുരത്ത് എത്തി തിരികെ പോവുകയാണ്
''
ജനങ്ങൾക്ക് സൗകര്യപ്രദമായ തരത്തിലേക്ക് സർവീസുകൾ പുനഃക്രമീകരിക്കണം. ഇപ്പോൾ നേട്ടം എല്ലാവർക്കും ലഭിക്കുന്നില്ല.
ആർ. അഖിൽ
ബസ് യാത്രക്കാരൻ