lock-down

അലിഗഢ്: പശുവിന്റെ മൃതദേഹം സംസ്കരിക്കുന്ന ചടങ്ങിൽ പങ്കെടുത്ത 150 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഉത്തർ പ്രദേശിലെ അലിഗഢിലാണ് സംഭവം. ചടങ്ങിൽ പങ്കെടുത്ത നൂറിലധികം പേർ സ്ത്രീകളാണ്. പകർച്ച വ്യാധി നിരോധന നിയമപ്രകാരമാണ് പൊലീസ് കേസെടുത്തത്. കൊവിഡ് 19നെ പ്രതിരോധിക്കാൻ രാജ്യത്ത് ലോക്ക് ഡൗൺ നിലനിൽക്കുന്ന കാലത്ത് ഇത്തരം ചടങ്ങുകളെല്ലാം തന്നെ നിരോധിക്കപ്പെട്ടിട്ടുള്ളതാണ്.

കണ്ടാലറിയാവുന്ന 25 പേർക്കെതിരെയും മറ്റ് 125 പേർക്കെതിരെയുമാണ് കേസെടുത്തിട്ടുള്ളത്. മെംമ്ദി ഗ്രാമത്തിലാണ് പശുവിൻെറ ജഡവുമായി വിലാപയാത്ര നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പശുവിന്റെ അന്ത്യകർമ്മങ്ങളിൽ നിരവധി പേർ പങ്കെടുക്കുന്നത് ഇവിടെ സ്വാഭാവികമാണ്. നാട്ടുകാർ വലിയ പ്രാധാന്യത്തോടെയാണ് ഇത്തരം ചടങ്ങുകൾ സംഘടിപ്പിക്കുന്നത്.ഈ പശു ഏറെക്കാലമായി ഈ ഗ്രാമത്തിൽ ഉള്ളതാണെന്നും അതിനാൽ മരണാനന്തരച്ചടങ്ങ് നടത്തേണ്ടത് തങ്ങളുടെ അവകാശമാണെന്നുമുള്ള നിലപാടിലാണ് നാട്ടുകാർ. കേസടക്കം എന്ത് നടപടിയെടുത്താലും നേരിടാൻ തയ്യാറാണെന്നാണ് ഇവർ പറയുന്നത്. ആളുകൾ സാമൂഹിക അകലം പാലിക്കാതെ മാസ്ക് ധരിക്കാതെയാണ് ചടങ്ങ് നടത്തിയതെന്ന് പൊലീസ് പറയുന്നു..