ചാത്തന്നൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിന് ചെമ്മീൻ ചലഞ്ചുമായി ചാത്തന്നൂരിലെ എ.ഐ.വൈ.എഫ് പ്രവർത്തകർ. എ.ഐ.വൈ.എഫ് ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ വീടുകളിൽ നിന്ന് ഓർഡർ സ്വീകരിച്ച് ചെമ്മീൻ എത്തിക്കുകയാണ്.
നെടുങ്ങോലം മാലാക്കായലിൽ വളർത്തുന്ന ചെമ്മീൻ മൊത്തവിലയ്ക്കെടുത്ത് ചില്ലറ വില്പനയായി വീടുകളിലെത്തിക്കും. ഇതിൽ നിന്നുള്ള ലാഭവിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നതാണ് ചെമ്മീൻ ചലഞ്ചിന്റെ ലക്ഷ്യം.
പൂതക്കുളം സർവീസ് സഹകരണ ബാങ്ക് അങ്കണത്തിൽ സംസ്ഥാന പ്രസിഡന്റ് ആർ. സജിലാൽ ബാങ്ക് പ്രസിഡന്റും കയർ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു ജില്ലാ സെക്രട്ടറിയുമായ ഡി. സുരേഷ് കുമാറിന് ചെമ്മീൻ നൽകി ആദ്യ വിൽപ്പന നിർവഹിച്ചു. എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം ജി.എസ്. ശ്രീരശ്മി, എൻ. സദാനന്ദൻ പിള്ള, നോബൽ ബാബു, എച്ച്. ഹരീഷ്, അരുൺ കലയ്‌ക്കോട്, എച്ച്. ഷാജിദാസ്, സുനിൽരാജ്, ബിജിൻ എന്നിവർ സംസാരിച്ചു.
ബി.ആർ. കണ്ണനുണ്ണി, അഭിജിത്ത്, സനൽ, ഷിബു, ബിനുലാൽ, എസ്.കെ. ചന്ദ്രകുമാർ, എസ്. കിഷോർ തുടങ്ങിയവർ മണ്ഡലത്തിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു. വരും ദിവസങ്ങളിലും വിപണനം തുടരും.