mask-

 മുഖചിത്രം പതിച്ച മാസ്‌ക് വിപണിയിലേക്ക്

കൊല്ലം: മാസ്‌ക് ധരിച്ചതിനാൽ മുഖസൗന്ദര്യം ആരും കാണാതെ പോകുന്നുവെന്ന ഭയം ഇനി വേണ്ട.

മാസ്‌ക് മറയ്‌ക്കുന്ന ഭാഗത്തെ മുഖചിത്രം പതിച്ച മാസ്‌കുകൾ തയ്യാറാക്കാൻ സ്ഥാപനങ്ങൾ സജ്ജരായി. ബനിയൻ പ്രിന്റിംഗ് ഉൾപ്പെടെ നടത്തിയിരുന്ന സ്ഥാപനങ്ങൾ, ഫോട്ടോ സ്റ്റുഡിയോകൾ, ഫ്ളക്സ് പ്രിന്റിംഗ് യൂണിറ്റുകൾ എന്നിവരാണ് മാസ്‌കിൽ മുഖ ചിത്രം പതിപ്പിച്ച് നൽകി തുടങ്ങിയത്. ഇത്തരം മാസ്കുകളുടെ പരസ്യങ്ങൾ സമൂഹിക മാദ്ധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. ഫോട്ടോ വാട്സ് ആപ്പ് വഴി അയച്ച് കൊടുത്താൽ ചിത്രം പതിച്ച മാസ്‌ക് തയ്യാറാക്കി 80 രൂപയ്ക്ക് നൽകും. 50 മാസ്കിൽ കൂടുതൽ ആവശ്യപ്പെട്ടാൽ വിലയിലും കുറവുണ്ടാകും. ലോക്ക് ഡൗൺ കാലത്തെ പ്രതിസന്ധിക്കിടയിൽ കണ്ടെത്തിയ പുതിയ വിപണന സാദ്ധ്യതകൾക്ക് ആവശ്യക്കാരേറുന്നുണ്ടെന്നാണ് വിവരം.

കൊവിഡ് പശ്ചാലത്തിൽ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്കെതിരെ പിഴയും നിയമ നടപടികളും തുടരുകയാണ്. മാസ്ക് അവശ്യവസ്തുവായതോടെ കൂടുതൽ പരീക്ഷണങ്ങൾ മാസ്കിൽ ഉണ്ടാകുമെന്നാണ് വിപണിയുടെ പ്രതീക്ഷ.